ഭോപ്പാൽ: പിതാവിൻ്റെ ശവസംസ്കാരം നടത്തുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലുള്ള തർക്കം പൊലീസ് സ്റ്റേഷനിലെത്തി. മധ്യപ്രദേശിലാണ് സംഭവം. തർക്കം മൂത്തതോടെ മൃതദേഹം രണ്ടായി മുറിച്ച് പ്രത്യേകം സംസ്കാരങ്ങൾ നടത്താനാണ് കുടുംബം തീരുമാനിച്ചത്. എന്നാൽ പൊലീസ് എത്തി സ്ഥിതിഗതികൾ ശാന്തമാക്കി. ഞായറാഴ്ചയാണ് 85 കാരനായ ധ്യാനി സിംഗ് ഘോഷ് മരിച്ചത്. തുടർന്ന് അന്ത്യകർമങ്ങളെക്കുറിച്ച് അദ്ദേഹത്തിൻ്റെ രണ്ട് മക്കളായ ദാമോദർ സിങ്ങും കിഷൻ സിങ്ങും തമ്മിൽ സംഘർഷമുണ്ടായി.
രോഗിയായ പിതാവിനെ പരിചരിച്ച ദാമോദർ അന്ത്യകർമങ്ങൾക്കായി തയ്യാറെടുക്കുന്നതിനിടെയാണ് കിഷൻ കുടുംബത്തോടൊപ്പം എത്തിയത്. തുടർന്ന് അന്ത്യകർമങ്ങൾ നടത്തുന്നതിനെക്കുറിച്ച് ഇരുവരും തർക്കമുണ്ടായി. തുടർന്ന് മകൻ കിഷൻ പിതാവിന്റെ ശരീരത്തെ രണ്ടായി വിഭജിച്ച് ഓരോരുത്തർക്കും വെവ്വേറെ ശവസംസ്കാരം നടത്താമെന്ന് നിർദേശം വെച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും അഭ്യർത്ഥനകൾ വകവയ്ക്കാതെ ഇയാൾ തീരുമാനത്തിൽ ഉറച്ചുനിന്നു. തുടർന്ന് ഏകദേശം അഞ്ച് മണിക്കൂറോളം മൃതദേഹം വീടിന് പുറത്ത് കിടത്തി.
പ്രശ്നം പരിഹരിക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ എത്തി സഹോദരങ്ങൾക്കിടയിൽ മധ്യസ്ഥത ചർച്ച നടത്തി. ഒടുവിൽ കുടുംബത്തിൻ്റെ സമ്മതപ്രകാരം ദാമോദർ അന്ത്യകർമങ്ങൾ നടത്തുമെന്ന് തീരുമാനിച്ചു. പൊലീസിൻ്റെ മേൽനോട്ടത്തിൽ കിഷനും കുടുംബവും ശവസംസ്കാരത്തിൽ പങ്കെടുത്തതോടെ തർക്കം അവസാനിച്ചു.