ചെന്നൈ: പിണങ്ങി കഴിയുകയായിരുന്ന ഭാര്യയെ നാട്ടുകാരുടെ മുന്നിൽ വെട്ടിക്കൊന്ന യുവാവ് പിടിയിൽ. തമിഴ്നാട്ടിലെ ചെന്നൈയിലെ മേഡവാക്കം കൂട്രോഡ് ബസ് സ്റ്റോപ്പിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. മേഡവാക്കത്ത് ബ്യൂട്ടിപാർലർ ജീവനക്കാരിയായ ജ്യോതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യോതിയുടെ ഭർത്താവ് മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഴ് വർഷമായി ഭർത്താവുമായി പിണങ്ങി ജ്യോതിയും മൂന്ന് മക്കളും വേറെയാണ് താമസിച്ചിരുന്നത്. അകന്ന് താമസിക്കുന്നതിനിടെ മണികണ്ഠന്റെ ബന്ധുവായ കൃഷ്ണമൂർത്തിയുമായി യുവതി പ്രണയത്തിലായി. ശനിയാഴ്ച രാവിലെ ശബരിമലയിൽ നിന്നുള്ള പ്രസാദം കൊണ്ടുവന്നതായും സ്വീകരിക്കാൻ എത്തണമെന്നും ആവശ്യപ്പെട്ട് മണികണ്ഠൻ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. പള്ളിക്കാരണൈ വച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും പ്രകോപിതയായ ജ്യോതി മണികണ്ഠനെ ചെരിപ്പൂരി അടിക്കുകയും ചെയ്തു.
വീട്ടിലെത്തി ജ്യോതി വിവരങ്ങൾ കൃഷ്ണമൂർത്തിയെ അറിയിക്കുകയും ഇയാൾക്കൊപ്പം മേടവാക്കം കൂട്ട് റോഡിനു സമീപം മണികണ്ഠനുമായി സംസാരിക്കാൻ തിരികെയെത്തുകയും ചെയ്തു. ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായതിന് ഇടയിൽ മദ്യലഹരിയിലായിരുന്ന മണികണ്ഠൻ കത്തിയെടുത്ത് ജ്യോതിയേയും കൃഷ്ണമൂർത്തിയേയും ആക്രമിച്ചു.
പരിക്കേറ്റ കൃഷ്ണമൂർത്തിയേയും ജ്യോതിയേയും ആശുപത്രിയിലെത്തിച്ചെങ്കിലും ജ്യോതിയുടെ ജീവൻ രക്ഷിക്കാനായില്ല. കേസെടുത്ത മേടവാക്കം പൊലീസ് മണികണ്ഠനെ അറസ്റ്റ് ചെയ്തു.