ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതിയെ മാറ്റിനിർത്തി പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതിനെതിരെ പ്രതിപക്ഷ കക്ഷിപാർട്ടികൾ ഒറ്റക്കെട്ടായി രംഗത്ത്. ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാൻ പ്രതിപക്ഷപാർട്ടികൾ തീരുമാനിച്ചു. വി.ഡി.സവർക്കറുടെ 140ാം ജന്മദിനത്തിൽ ചടങ്ങ് നടത്തുന്നതിലും പ്രതിപക്ഷ പാർട്ടികൾക്കിടയിൽ കടുത്ത വിമർശനമുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രസ്താവന പുറത്തിറക്കിയേക്കും.
രാജ്യത്തിന്റെ പൊതുസ്വത്തായ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ സംഭാവനയെന്ന രീതിയിലാണ് ബി.ജെ.പി അവതരിപ്പിക്കുന്നത്. എന്നാൽ, രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന നിലപാടാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
സവർക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടനം നടത്തുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. സവർക്കറുടെ ജന്മദിനത്തിൽ തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവിയായ അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.