ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാനിൽ പാർലമെന്റ് പിരിച്ചുവിട്ടു. പൊതുതിരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നതിനു പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നിർദേശപ്രകാരമാണ് പാർലമെന്റ് പിരിച്ചുവിട്ടത്. ഇടക്കാല സർക്കാർ രൂപീകരിക്കാൻ പ്രസിഡന്റ് ആരിഫ് അൽവി നിലവിലെ സർക്കാരിനു മൂന്നു ദിവസം സമയം നൽകി. 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനും നിർദേശം നൽകി.
എന്നാൽ, തിരഞ്ഞെടുപ്പ് അടുത്ത വർഷത്തിൽ നടത്താനെ സാധിക്കൂ എന്നു പിരിച്ചുവിട്ട സർക്കാർ അറിയിച്ചു. സർക്കാരിനെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പാക്കിസ്ഥാൻ സൈന്യത്തിന്റെ ആസ്ഥാനം ഷഹബാസ് സന്ദർശിച്ചു. കാലാവധി പൂർത്തിയാക്കുന്നതിനു 3 ദിവസം മുൻപേയാണു പിരിച്ചുവിട്ടത്. കാലാവധി തീരും മുൻപേ പാർലമെന്റ് പിരിച്ചുവിട്ടാൽ 90 ദിവസത്തിനകം പൊതുതിരഞ്ഞെടുപ്പു നടത്തിയാൽ മതി. കാലാവധി പൂർത്തിയാക്കിയ ശേഷമാണെങ്കിൽ 60 ദിവസവും.
പിടിഐ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ജയിലിലായതോടെ മത്സരിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിയായിരുന്നപ്പോൾ ലഭിച്ച ഔദ്യോഗിക പാരിതോഷികങ്ങൾ സ്വന്തമാക്കി സാമ്പത്തിക അഴിമതി നടത്തിയെന്ന കേസിൽ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാൻ ഖാനെ ജയിലിലടച്ചിരുന്നു. 3 വർഷം തടവുവിധിച്ചുള്ള ജില്ലാക്കോടതി ഉത്തരവ് റദ്ദാക്കമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇസ്‌ലാമാബാദ് ഹൈക്കോടതിയും തള്ളി.