സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഒരു വ്യക്തിയെ സംബന്ധിച്ചെടുത്തോളം പെർമനന്റ് അകൗണ്ട് നമ്പർ അഥവാ പാൻ കാർഡ് നിർബന്ധമായും കയ്യിൽ ഉണ്ടാകേണ്ട പ്രധാന രേഖയാണ്. വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുപോലും പാൻ കാർഡ് നിർബന്ധമാണ്.
എന്നാൽ ഈ പാൻകാർഡും ആധാറും ലിങ്ക് ചെയ്തില്ലെങ്കിൽ ഇനിമുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തന രഹിതമാകും. ഈ ഡിസംബർ 31 ആണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി. ഈ സമയത്തിനുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ 2026 ജനുവരി 1 മുതൽ പാൻ കാർഡ് അസാധുവാകും.
പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാമെന്ന് നോക്കാം. ഇതിനായി https://www.incometax.gov.in/iec/foportal/ എന്ന ആദായനികുതി ഇ-ഫയലിങ് പോർട്ടൽ സന്ദർശിക്കുക. ശേഷം ‘ലിങ്ക് ആധാർ’ (ഹോംപേജിൽ താഴെ ഇടതുവശത്ത്) ക്ലിക്ക് ചെയ്യുക. അതിൽ നൽകിയ ഫീൽഡുകളിൽ നിങ്ങളുടെ 10 അക്ക പാൻ, 12 അക്ക ആധാർ നമ്പറുകൾ നൽകുക. നിർദേശങ്ങൾ പാലിച്ച് 1,000 രൂപ പേയ്മെന്റ് പൂർത്തിയാക്കണം. ശേഷം അഭ്യർത്ഥന സമർപ്പിച്ചാൽ പോർട്ടൽ അത് സ്വീകരിക്കുകയും ലിങ്കിങ് പ്രോസസ്സ് ചെയ്യുകയും ചെയ്യും.
ഇത് ഓൺലൈനിലൂടെ പരിശോധിക്കുന്നത്തിനായി uidai.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. ഇതിൽ ആധാർ സർവീസസിൽ ക്ലിക്ക് ചെയ്യുക. ശേഷം ആധാർ ലിങ്കിങ് സ്റ്റാറ്റസ് തെരഞ്ഞെടുക്കുക. 12 അക്ക ആധാർ നമ്പർ നൽകി ഗെറ്റ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുക. ഇനി പാൻ കാർഡ് നമ്പർ നൽകുക. സെക്യൂരിറ്റി വെരിഫിക്കേഷനായി കാപ്ച കോഡ് നൽകുക. ഗെറ്റ് ലിങ്കിങ് സ്റ്റാറ്റസിൽ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂർത്തിയായി. തുടർന്ന് ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. www.nsdl.com ൽ കയറിയും ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാധിക്കും.
