‘പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ കുപ്രചരണം; ബിജെപി ജയിച്ചാലും റസാഖ് ജയിക്കരുതെന്ന് ലക്ഷ്യം’

news image
Apr 5, 2026, 6:29 am GMT+0000 payyolionline.in

പാലക്കാട്: ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ജനങ്ങൾക്കിടയിൽ കുപ്രചരണം നടത്തുന്നുവെന്ന് സുരേഷ് ബാബു പറഞ്ഞു. എൽഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ് പിടിക്കുന്ന വോട്ടുകൾ ബിജെപിയെ ജയിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ തെറ്റിദ്ധരിപ്പിക്കുന്നു. ബിജെപി ജയിച്ചാലും റസാഖ് ജയിക്കരുതെന്നാണ് യുഡിഎഫ് ലക്ഷ്യം. സീറ്റ് നിലനിർത്താൻ യുഡിഎഫ് പാഴ്ശ്രമം നടത്തുന്നുവെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു. പാലക്കാട് എൻഎംആർ റസാഖിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നത്. അതിന്റെ ബേജാറിലും വിഭ്രാന്തിയിലുമാണ് പാലക്കാട്ടെ യുഡിഎഫ് എന്നും സുരേഷ് ബാബു പറഞ്ഞു.

‘ഷാഫി പറമ്പിൽ മത്സരിക്കുമ്പോൾ ഈ പ്രചരണമില്ല. എൻഎംആർ ഒന്നാംസ്ഥാനത്ത് എത്തിയതിന്റെ ബേജാറാണ് യുഡിഎഫിന്. ഷാഫിയുടെ കുതന്ത്രമാണിത്. ബിജെപി തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ്. അത് കോൺഗ്രസും ഷാഫിയും മറച്ചുപിടിച്ചു. രമേഷ് പിഷാരടി തോൽക്കണമെന്ന ആഗ്രഹത്തിലാണ് ഷാഫി പറമ്പിൽ. എന്നാൽ റസാഖ് ജയിക്കാനും പാടില്ലെന്നാണ് ഷാഫിയുടെ നിലപാട് എന്നും സുരേഷ് ബാബു പറഞ്ഞു.

പാലക്കാട് യുഡിഎഫ്-ബിജെപി ഡീൽ ആണെന്നും സുരേഷ് ബാബു ആരോപിച്ചു. കോങ്ങാടും മലമ്പുഴയിലും ഒറ്റപ്പാലത്തും യുഡിഎഫ്-ബിജെപി ഡീൽ ആണെന്നും സിപിഐഎം പറഞ്ഞു. ഒറ്റപ്പാലത്ത് മുൻ ബിജെപി സ്ഥാനാർത്ഥിക്ക് പി കെ ശശി 50 ലക്ഷം നൽകി. എറണാകുളത്തെ ഏജൻസി വഴിയാണ് ഡീൽ നടന്നത്. ഈ ഡീൽ ഒറ്റപ്പാലത്തെ നിലവിലെ ബിജെപി സ്ഥാനാർത്ഥി തിരിച്ചറിഞ്ഞിട്ടുണ്ട്. പി കെ ശശി നാമനിർദേശ പത്രികയിൽ കൃത്രിമം കാണിച്ചു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ വെല്ലുവിളിക്ക് പകരം മാനനഷ്ടത്തിന് പി കെ ശശി ശ്രമിക്കണം. അത് ചെയ്യാൻ പി കെ ശശിക്ക് ഭയമാണെന്നും പി കെ ശശി ഭീരുവാണെന്നും ഇ എൻ സുരേഷ് ബാബു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe