പാറമേക്കാവ്, തിരുവമ്പാടി വേല: കേന്ദ്ര വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ദേവസ്വങ്ങൾ

news image
Dec 30, 2024, 12:18 pm GMT+0000 payyolionline.in

കൊച്ചി: വെടിക്കെട്ടിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിനെതിരെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു.  കേന്ദ്ര സര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിൽ നിന്ന്  നിന്ന് ഒക്ടോബര്‍ പതിനൊന്നിന് ഇറക്കിയ ഗസറ്റ് വിജ്ഞാപനം റദ്ദാക്കണമെന്നാണ് ദേവസ്വങ്ങള്‍ റിട്ട് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര വിജ്ഞാപനത്തിലെ നിബന്ധനകള്‍ ചൂണ്ടിക്കാട്ടിയാണ് വേല വെടിക്കെട്ടിന് ഇപ്പോൾ അനുമതി നിഷേധിച്ചത്. 2006ലെ സ്‍ഫോടക വസ്തു നിയമത്തിൽ പറയുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ഗസറ്റിലുള്ളതെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. ജനുവരി മൂന്നിനാണ്  പാറമേക്കാവിന്റെയും അഞ്ചിനാണ് തിരുവമ്പാടിയുടെയും വേല നടക്കേണ്ടത്.

പുതിയ കേന്ദ്ര സ്‌ഫോടക വസ്തു ചട്ട നിയമപ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം വെടിക്കെട്ട് നടത്തുന്നതിനുള്ള ഭൗതിക സാഹചര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കളക്ടർ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. തൃശ്ശൂർ പൂരം വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനിയിൽ തന്നെയാണ് വേല വെടിക്കെട്ടും നടക്കാറുള്ളത്. ഇവിടെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന പുരയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിൽ 78 മീറ്റർ മാത്രമാണ് ദൂരമെന്നതാണ് അനുമതി നിഷേധിക്കാൻ കാരണം. പുതിയ നിയമപ്രകാരം 200 മീറ്റർ ദൂരമാണ് വേണ്ടത്. വിവിധ വകുപ്പുകളുടെ റിപ്പോർട്ട് പരിഗണിച്ചാണ് ദേവസ്വങ്ങളുടെ അപേക്ഷ കളക്ടർ നിഷേധിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe