പാറക്കെട്ടിന് അടിയിൽ ചെളിയില്‍ പുതഞ്ഞ നിലയിൽ നോട്ടുകെട്ടുകള്‍; ചൂരൽമലയിൽ നിന്ന് 4 ലക്ഷം കണ്ടെത്തി ഫയർഫോഴ്സ്

news image
Aug 15, 2024, 6:35 am GMT+0000 payyolionline.in

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി അഗ്നി രക്ഷാസേന. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും വെള്ളത്തിനുമിടയിലായി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകളുണ്ടായിരുന്നത്. പാറക്കെട്ടില്‍ കുടുങ്ങി കിടന്നതിനാലാണ് ഒഴുകി പോവാഞ്ഞതെന്നും അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു.

പ്ലാസ്റ്റിക് കവറിലായതിനാല്‍ കൂടുതല്‍ കേടുപാട് സംഭവിച്ചിട്ടില്ല. എന്നാല്‍, ചെളി നിറഞ്ഞ നിലയിലാണ് നോട്ടുകെട്ടുകളുള്ളത്. 500ന്‍റെ നോട്ടുകള്‍ അടങ്ങിയ ഏഴ് കെട്ടുകളും 100ന്‍റെ നോട്ടുകളടങ്ങിയ അഞ്ച് കെട്ടുകളുമാണ് കണ്ടെത്തിയത്. കെട്ടുകളുടെ എണ്ണം പരിശോധിച്ചതിൽ നിന്നാണ് നാലു ലക്ഷം രൂപയുണ്ടാകാമെന്ന നിഗമനത്തിലെത്തിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കും പാറക്കൂട്ടങ്ങള്‍ക്കും വെള്ളത്തിനുമിടയിലായാണ് പണം അടങ്ങിയ കവര്‍ കുടുങ്ങികിടന്നത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സുഭാഷ് ആണ് പണം കണ്ടെത്തിയത്. പണം ആരുടേതാണെന്ന് വ്യക്തമായിട്ടില്ല. ഈ ഭാഗം മാർക്ക് ചെയ്ത് കൂടുതൽ പരിശോധന തുടരുകയാണ്.

തുടര്‍ നടപടികള്‍ക്കായി പൊലീസ് തുക ഏറ്റെടുത്തു. ദുരന്തത്തില്‍ അകപ്പെട്ടവരുടെ നിരവധി പേരുടെ പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായിരുന്നു. ഇത്തരത്തില്‍ ഏതെങ്കിലും വീട്ടിൽ സൂക്ഷിച്ചിരുന്ന പണമായിരിക്കാം ഇതാണെന്നാണ് കരുതുന്നത്. തുക പരിശോധിച്ച് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe