പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: അഭിഭാഷക കമ്മീഷൻ ഇന്ന് എത്തിയേക്കും; സർക്കാർ കോടതിയെ സമീപിക്കും

news image
May 23, 2026, 4:15 am GMT+0000 payyolionline.in

കൊച്ചി: മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി ഒഴിപ്പിക്കുന്നതിനായി അഭിഭാഷക കമ്മീഷൻ ഇന്ന് എത്തിയേക്കും. ഒഴിപ്പിക്കൽ നീക്കം നടന്നാൽ തടയുമെന്ന് സമരസമിതി അറിയിച്ചിട്ടുണ്ട്. പൊലീസ് നടപടികൾ ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം റോജി എം ജോൺ ഉന്നതി നിവാസികൾക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിനിടെ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയാൽ മനുഷ്യകവചം തീർത്ത് പ്രതിരോധിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് സർക്കാർ ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കും. ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കും. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട നടപടികളിൽ സുപ്രീം കോടതിയിൽ സാവകാശം തേടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മലയിടംതുരുത്ത് പാരിയത്തുകാവിലെ ഉന്നതി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സമവായ ചർച്ച ഇന്നലെ പൂർത്തിയായിരുന്നു. ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചർച്ചയിൽ മന്ത്രി റോജി എം ജോണും കുന്നത്തുനാട് എംഎൽഎ വി പി സജീന്ദ്രനും പങ്കെടുത്തു. ഉന്നതിയിലെ കുടുംബങ്ങളെ നാളെ കുടിയൊഴിപ്പിക്കില്ലെന്നും അവർക്കായി സർക്കാർ നേരിട്ട് കോടതിയിൽ ഇടപെടുമെന്നും റോജി എം ജോൺ പറഞ്ഞു.

കോടതി വിധി എതിരായാൽ സർക്കാർ കുടുംബങ്ങൾക്കൊപ്പം നിൽക്കുമെന്നും അവരെ പെരുവഴിയിലാക്കാൻ സർക്കാർ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാരിയത്തുകാവ് കേസിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സർക്കാർ ഇടപെടുന്നതെന്നും ഇതുവരെ ഒരു സർക്കാരിന്റെ ഭാഗത്തുനിന്നും അത്തരം നീക്കങ്ങളുണ്ടായിട്ടില്ലെന്നും റോജി എം ജോൺ പറഞ്ഞു.

മെയ് 20ന് രാവിലെയാണ് എറണാകുളം പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടിയുമായി അധികൃതർ എത്തിയത്. സുപ്രീംകോടതി നിർദേശപ്രകാരമായിരുന്നു കുടിയൊഴിപ്പിക്കൽ. പാരിയത്തുകാവ് പട്ടികജാതി ഉന്നതിയിലെ എട്ട് കുടുംബങ്ങളാണ് കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്നത്. അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിന്റെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കൽ നടപടി ആരംഭിച്ചത്. ഇതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ഇടപെട്ടു. പൊലീസ് ലാത്തിച്ചാർജ് നടത്തിയതായി പ്രതിഷേധക്കാർ പറഞ്ഞിരുന്നു. പൊലീസ് അതിക്രമത്തിൽ പലർക്കും സാരമായി പരിക്കേറ്റിരുന്നു.

പാരിയത്തുകാവിലെ പട്ടികജാതി ഉന്നതിയിൽ മുൻപ് പലതവണ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭത്തെ തുടർന്ന് പിന്മാറുകയായിരുന്നു. ഇത്തവണ കുടിയൊഴിപ്പിക്കാൻ ഉറച്ചാണ് നടപടികൾ തുടങ്ങിയത്. പാരിയത്ത്കാവ് ഉന്നതിയിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തിട്ടുണ്ട്. 50ഓളം പേർക്കെതിരെയാണ് തടിയിട്ടപ്പറമ്പ് പൊലീസ് കേസെടുത്തത്. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe