ദില്ലി: പാൻ കാർഡ് പ്രവർത്തനരഹിതമാണെങ്കിലും ആദായ നികുതി റിട്ടേൺ സമർപ്പിക്കാമെന്ന് ആദായ നികുതി വകുപ്പ്. ആധാറുമായി പാൻ കാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തിയതി ജൂൺ 30 ആയിരുന്നു.ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട സമയമാണ്. സമയപരിധി അവസാനിക്കാൻ രണ്ട ദിവസം കൂടിയേ ശേഷിക്കുന്നുള്ളു. ഈ അവസരത്തിൽ പാൻ കാർഡ് പ്രവർത്തനരഹിതമാണെങ്കിലും ഐടിആർ ഫയൽ ചെയ്യാമെന്ന് അറിയിച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.
ആധാർ പാൻകാർഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും പാൻ പ്രവർത്തനരഹിതമായിരിക്കുമ്പോൾ ആണെങ്കിലും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാം. ആദായനികുതി റിട്ടേൺ നേരത്തേ ചെയ്യാൻ ശ്രമിക്കുക, അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കുക. ആദായ നികുതി വകുപ്പ് വെബ്സൈറ്റിലൂടെ അറിയിച്ചു.
പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് ഐടിആർ എങ്ങനെ ഫയൽ ചെയ്യാം
പാൻ പ്രവർത്തനരഹിതമാണെങ്കിൽ പോലും ഐടിആർ ഫയൽ ചെയ്യുന്ന പ്രക്രിയയിൽ വ്യത്യാസമില്ല. ആദായ നികുതി ഇ-ഫയലിംഗ് പോർട്ടലിൽ ഒരു വ്യക്തിക്ക് അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യാൻ കഴിയും. ലോഗിൻ ചെയ്തുകഴിഞ്ഞാൽ, ഇ-ഫയൽ>ആദായ നികുതി റിട്ടേൺ>ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുക. ഒരാൾക്ക് ഈ ഘട്ടങ്ങൾ പിന്തുടർന്ന് 2023 ജൂലൈ 31-നോ അതിന് മുമ്പോ 2022-23 സാമ്പത്തിക വർഷത്തേക്ക് പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് ഐടിആർ ഫയൽ ചെയ്യാം.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്ത് കഴിഞ്ഞാൽ 30 ദിവസത്തിനുള്ളിൽ ഇത് വെരിഫൈ ചെയ്യണം. ഫയൽ ചെയ്ത ഐടിആർ 30 ദിവസത്തിനുള്ളിൽ പരിശോധിച്ചില്ലെങ്കിൽ, ഒരു വ്യക്തി ഐടിആർ ഫയൽ ചെയ്തിട്ടില്ലെന്ന് കണക്കാക്കും. നിലവിൽ, പ്രവർത്തനരഹിതമായ പാൻ ഉള്ള വ്യക്തികൾക്കും ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനും നികുതി അടയ്ക്കാനും കഴിയും. എന്നാൽ. ഐടിആർ ആധാർ ഉപയോഗിച്ച് ആധാർ ഒട്ടിപി ഉപയോഗിച്ച് പരിശോധിക്കാൻ കഴിയില്ല. കാരണം പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എന്നതുതന്നെ. ഐടിആർ വെരിഫിക്കേഷനായി ഒരു വ്യക്തിക്ക് റിട്ടേണിന്റെ പകർപ്പ് ബാംഗ്ലൂരിലെ സിപിസിയിലേക്ക് അയയ്ക്കുകയോ നെറ്റ്ബാങ്കിംഗ്, എടിഎം മുതലായവ വഴി ഇവിസി ജനറേറ്റ് ചെയ്യുകയോ പോലുള്ള മറ്റ് പരിശോധനാ രീതികൾ ഉപയോഗിക്കാം