ഭോപ്പാൽ: പാഠപുസ്തകങ്ങളിൽ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ജീവിതം ഉൾപ്പെടുത്താൻ തീരുമാനിച്ച് മധ്യപ്രദേശ് സർക്കാർ. ഉന്നത വിദ്യാഭ്യാസ രംഗത്തും സ്കൂൾ വിദ്യാഭ്യാസത്തിലും ശ്രീരാമൻ്റെയും ശ്രീകൃഷ്ണൻ്റെയും ഭാഗങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനിച്ചെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചു. ശ്രീരാമന്റെയും കൃഷ്ണന്റെയും ജീവിതം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ലെന്നും എന്നാൽ, സർക്കാർ ചോദ്യ പേപ്പർ ചോർച്ചയും അഴിമതിയും ഒഴിവാക്കണമെന്നും കോൺഗ്രസ് പ്രതികരിച്ചു. ‘രാം വാൻ ഗമൻ പഥ്’, ‘കൃഷ്ണ പഥ് ഗമൻ’ പദ്ധതികൾ സംസ്ഥാന സർക്കാർ ഏറ്റെടുത്തതായി മുഖ്യമന്ത്രി മോഹൻ യാദവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതേന്ദ്ര പട്വാരി ഇക്കാര്യം പറഞ്ഞത്.
ശ്രീരാമൻ പോയ സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് മതപരമായ സ്ഥലങ്ങളായി വികസിപ്പിക്കുമെന്നും യാദവ് പറഞ്ഞു. ഉന്നതവിദ്യാഭ്യാസത്തിൻ്റെയും സ്കൂൾ വിദ്യാഭ്യാസത്തിൻ്റെയും പാഠ്യപദ്ധതിയിൽ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീരാമനെയും കൃഷ്ണനെയും കുറിച്ച് പുസ്തകത്തിൽ പഠിപ്പിക്കുന്നത് നല്ലതാണെന്നും എന്നാൽ ചോദ്യപേപ്പർ ചോർച്ചയും അഴിമതിയും പാപമാണെന്നും സർക്കാർ അവ ഒഴിവാക്കണമെന്നും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതേന്ദ്ര പട്വാരി പ്രതികരിച്ചു.