പലിശ നൽകാൻ വൈകിയതിന് യുവാവിന് ക്രൂരമർദനം: നാലുപേർ അറസ്റ്റിൽ

news image
Dec 19, 2022, 3:40 pm GMT+0000 payyolionline.in

അഞ്ചൽ: വായ്പ വാങ്ങിയ പണത്തിൻറെ പലിശപ്പണം നൽകാൻ കാലതാമസം വരുത്തിയതിന് യുവാവിനെ നാലംഗ സംഘം ക്രൂരമായി മർദിച്ചു. അക്രമിസംഘത്തെ നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറി. ഏരൂർ ചിത്തിരയിൽ സൈജു (52), ഏരൂർ കാവഴികം വീട്ടിൽ അനിൽകുമാർ (കൊച്ചനി-52), ഏരൂർ കരിമ്പിൻ കോണം കുഴിവിള വീട്ടിൽ റീനു പ്രസാദ് (ഉണ്ണി – 35), അലയമൺ കടവറം ഷീലാ സദനത്തിൽ ബി.എസ് നന്ദു (28) എന്നിവരാണ് അറസ്റ്റിലായത്.

ഏരൂർ സ്വദേശി വിഷ്ണു (28) വിനാണ് മർദ്ദനമേറ്റത്. കല്ലുകൊണ്ട് അടിയേറ്റ് തലക്കും ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ വിഷ്ണുവിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടര മണിയോടെ പനച്ചവിള ജങ്ഷനിലാണ് സംഭവം.

സൈജുവില്‍ നിന്നും വിഷ്ണു ഏതാനും മാസം മുമ്പ് ഒന്നര ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നു. ഇതിന്‍റെ പലിശ മുടങ്ങിയതിനെ തുടര്‍ന്നാണ് സൈജുവും സംഘവും പനച്ചവിളയില്‍ എത്തി വിഷ്ണുവിനെ മര്‍ദിച്ചതത്രേ.

പലിശയെച്ചൊല്ലി സൈജുവും സംഘവുമായി വിഷ്ണു വാക്കേറ്റമുണ്ടാകുകയും തുടർന്ന് സ്ഥലത്തു നിന്നും ബൈക്കില്‍ കയറി പോകാന്‍ ശ്രമിക്കവേ സൈജുവിൻറെ സുഹൃത്ത് വിഷ്ണുവിനെ പിടിച്ചു നിര്‍ത്തുകയും സൈജു കല്ലുകൊണ്ട് ഇടിക്കുകയുമായിരുന്നു. ആക്രമണം തുടര്‍ന്നതോടെ നാട്ടുകാര്‍ എത്തി കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ തടഞ്ഞുനിര്‍ത്തി അഞ്ചല്‍ പൊലീസിനെ വിവരമറിയിച്ചു.

എസ്.ഐ പ്രജീഷ് കുമാറിൻറെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe