പരീക്ഷയിലെ കൂട്ടത്തോൽവി; കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല, കോളേജുകൾ പൂട്ടാൻ നിർദ്ദേശം നൽകിയേക്കും

news image
Jul 4, 2024, 7:39 am GMT+0000 payyolionline.in
തിരുവനന്തപുരം: എഞ്ചിനീയറിംഗ് പരീക്ഷയിലെ കൂട്ടത്തോൽവിയിൽ കടുത്ത നടപടിക്കൊരുങ്ങി സാങ്കേതിക സർവകലാശാല. വിജയശതമാനം തീരെ കുറഞ്ഞ കോളേജുകൾ അടച്ച് പൂട്ടാനുള്ള നിർദ്ദേശം നൽകിയേക്കും. 15 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനാണ് നീക്കം. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി സർവകലാശാല ഇന്ന് ചർച്ച നടത്തും.

53 ശതമാനമായിരുന്നു ഇത്തവണ കെടിയു അവസാന വർഷ ബി.ടെക്ക് പരീക്ഷയിലെ വിജയ ശതമാനം. 26 കോളേജുകൾക്ക് 25 ശതമാനം വിദ്യാർത്ഥികളെ പോലും ജയിപ്പിക്കാനായിരുന്നില്ല. ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തെ എ‍ഞ്ചിനീയറിംഗ് പഠനനിലാവാരത്തെ കുറിച്ചുള്ള ആശങ്കകളുമുയർന്നു. വലിയ തോൽവിയില്ലെന്നൊക്കെയാണ് സർവകലാശാല ആദ്യം വിശദീകരിച്ചതെങ്കിലും നടപടിയെടുക്കാനാണ് നിലവിലെ തീരുമാനം. കുറഞ്ഞ വിജയ ശതമാനമുള്ള കോളേജുകൾക്ക് താക്കീത് നൽകും. മെച്ചപ്പെട്ട നിലവാരത്തിലേക്ക് ഉയരാനുള്ള നിർദ്ദേശങ്ങൾ നൽകാത്ത 15 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് നീക്കമുണ്ട്. ഇവിടെ പ്രവേശനം അനുവദിക്കേണ്ടെന്ന് എൻട്രസ് കമ്മീഷണറോട് ആവശ്യപ്പെടാനാണ് സർവകലാശാല ആലോചിക്കുന്നത്.

എല്ലാ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളുടെ മാനേജർമാരുമായി ഇന്ന് സർവകലാശാല ചർച്ച നടത്തും. ഇതിന് ശേഷം ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായും സർവകാശാല പ്രതിനിധികൾ ചർച്ച നടത്തും. ഇത്തവണ ഒരു കോളേജിൽ ഒരൊറ്റ വിദ്യാർത്ഥി പോലും പാസായിരുന്നില്ല. 28 വിദ്യാർത്ഥികളായിരുന്നു ഇവിടെ പരീക്ഷ എഴുതിയത്. ആറ് കോളേജുകളുടെ വിജയം പത്ത് ശതമാനത്തിൽ താഴെയായിരുന്നു. പാസ് പെർസന്റേജ് 70ന് മുകളിൽ കുട്ടികളെ ജയിപ്പിക്കാനായത് 17 കോളേജുകൾക്ക് മാത്രമായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe