ബംഗളൂരു: പ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ഡ്രോൺ കർണാടകയിൽ തകർന്നുവീണു. തദ്ദേശീയമായി നിർമിച്ച തപസ് എന്ന ആളില്ലാവിമാനമാണ് ഞായർ രാവിലെ ചിത്രദുർഗ ജില്ലയിലെ ഗ്രാമത്തിലെ കൃഷിയിടത്തിൽ തകർന്നുവീണത്.
പരീക്ഷണപ്പറക്കലിനിടെയായിരുന്നു അപകടമെന്നും ഡ്രോൺ തകർന്നുവീഴാനിടയായ കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഡിആർഡിഒ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ വർഷം ബംഗളൂരുവിൽ നടന്ന വ്യോമപ്രദർശനത്തിലാണ് തപസ് ആദ്യമായി പ്രദർശിപ്പിച്ചത്. കര, വ്യോമ, നാവിക സേനകൾക്ക് പ്രയോജനപ്രദമാകുംവിധത്തിലാണ് തപസ് രൂപകൽപ്പന ചെയ്തത്.