പയ്യോളി ബീച്ച് റോഡിൽ ഇന്ന് മുതൽ സമ്പൂർണ്ണ പാർക്കിങ് നിരോധനം

news image
Jan 29, 2025, 4:14 am GMT+0000 payyolionline.in

പയ്യോളി: നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരം ഇന്ന് മുതൽ പയ്യോളി ബീച്ച് റോഡിലെയും പേരാമ്പ്ര റോഡിലെയും അനധികൃത പാർക്കിങ്‌ പൂർണമായി നിരോധിക്കാൻ തീരുമാനം. ചാലിൽ റോഡിലെ വൺവെ സിസ്റ്റം കാര്യക്ഷമമായി നടപ്പിലാക്കാനും ലംഘിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കാനും തീരുമാനമായി. കൂടാതെ ബീച്ച് റോഡിലെ കടകളിലേക്ക് വലിയ ലോറികളിൽ നിന്നുള്ള അൺലോഡിംഗ് നടപടികൾ സമയബന്ധിതമായി ഗതാഗതക്കുരുക്ക് ഇല്ലാത്ത വിധത്തിൽ രാവിലെ നടത്താനും യോഗത്തില്‍ തീരുമാനമായി.

തീരുമാനം നടപ്പിലായാല്‍ ബീച്ച് റോഡില്‍ നേരത്തെ അനുവദിക്കപ്പെട്ട മൂന്ന് ഓട്ടോറിക്ഷകള്‍ക്കുള്ള പാര്‍ക്കിങ്ങും വ്യാപാരികളുടെയും വ്യാപാര സ്ഥാപനങ്ങളില്‍ വരുന്ന ഉപഭോക്താക്കളുടെയും ഇരുചക്ര വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പയ്യോളിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുമെന്ന് കമ്മിറ്റി ഉറപ്പ് നൽകി. പയ്യോളി ടൗണിൽ നിലവിൽ ഓട്ടോറിക്ഷ പാർക്കിങ്‌ സൗകര്യം കുറവായതിൽ ഇന്ന് മുതൽ പുതുതായി ഓട്ടോറിക്ഷകൾക്ക് നഗരസഭ ഹാൾട്ടിംഗ് പെർമിറ്റ്‌ നൽകില്ല എന്നുള്ള തീരുമാനവും എടുത്തിട്ടുണ്ട്. നഗരസഭ ചെയർമാൻ വി കെ അബ്ദുറഹ്മാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊയിലാണ്ടി ജോ. ആർ.ടി.ഒ എം. അൻവർ, എ.എം.വി.ഐ അനൂപ്‌, പയ്യോളി എസ് ഐ വി. പ്രകാശൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ കെ.എം. ഷമീർ , ഓട്ടോറിക്ഷ കോർഡിനേഷൻ കമ്മിറ്റി പ്രതിനിധികളായ യു.കെ.പി റഷീദ്, എ.വിനോദൻ, സുബീഷ്, സേനൻ, വി.രാജീവൻ, കെ.സി.സതീശൻ തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe