പയ്യോളി : രണ്ടു പതിറ്റാണ്ടിലേറെയായി പയ്യോളി ബീച്ച് കേന്ദ്രീകരിച്ച് സേവന രംഗത്ത് പ്രവർത്തിക്കുന്ന ദീനദയാൽ ഗ്രാമ സേവാ സമിതിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ കർക്കടക വാവ് ബലിതർപ്പണത്തിനായുള്ള വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനായി വളപ്പിൽ വി. പീഷ് കൺവീനറായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 5 മണി മുതൽ പയ്യോളി കടപ്പുറത്തു വെച്ചാണ് ബലിതർപ്പണം നടക്കുന്നത്. മാഹി ഒളവിലം മഹാദേവ ക്ഷേത്രം മേൽശാന്തി സുജിത്ത് ശാന്തി ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കും.
ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ബീച്ചിൽ സജ്ജമാക്കുന്നത്. ബലിതർപ്പണം നടത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ സേവാ പ്രവർത്തകരുടെ സേവനവും സ്ത്രീകൾക്ക് കുളിക്കുന്നതിനും വസ്ത്രം മാറുന്നതിനുമായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് ശേഷം മടങ്ങുന്നവർക്ക് സേവാഭാരതി പയ്യോളി യൂണിറ്റിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പിയും ലഘുഭക്ഷണവും വിതരണം ചെയ്യും.
70 രൂപയാണ് ബലിതർപ്പണത്തിനുള്ള രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുമായി 7034393421, 8089790654 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടക സമിതി അറിയിച്ചു.
