പയ്യോളി: പയ്യോളി ടൗണിൽ ടാങ്കർ ലോറി കാറിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ തൊട്ടടുത്ത കടയുടെ അകത്തിടിച്ചു നിന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് പയ്യോളി പേരാമ്പ്ര റോഡ് ജംഗ്ഷനിൽ അപകടമുണ്ടായത്. അപകടത്തിൽ ആളപായമില്ല.
പേരാമ്പ്ര റോഡിലേക്ക് പോവുകയായിരുന്ന കാറിനെ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ലോറി ഇടിക്കുകയായിരുന്നു. കാറിന്റെ പിൻഭാഗത്ത് ഏറ്റ ശക്തമായ ഇടയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ പി എം സതീഷിന്റെ ഉടമസ്ഥതയിലുള്ള ഐശ്വര്യ ഹോം നീഡ്‌സ്ന്റെ മുൻഭാഗത്ത് ഇടിച്ചാണ് നിന്നത്. ആ സമയം കടയുടമ അകത്തായതിനാലും പുറത്ത് ആരും ഇല്ലാത്തതിനാലും വൻ ദുരന്തം ഒഴിവാകുകയായിരുന്നു. കടയിലെ ചില വസ്തുക്കൾ ഇടിയിൽ തകർന്നിട്ടുണ്ട്. തച്ചൻകുന്ന് സ്വദേശിയായ വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ. വിഷ്ണുവായിരുന്നു കാറോടിച്ചത്. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു.