പയ്യോളി കീഴൂരിൽ കൊട്ടിക്കലാശത്തിനിടെ സംഘർഷാവസ്ഥ; എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ നേർക്കുനേർ, ഒടുവിൽ കേന്ദ്രസേനയെത്തി – വീഡിയോ

news image
Apr 7, 2026, 5:00 pm GMT+0000 payyolionline.in

പയ്യോളി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ പയ്യോളി കീഴൂരിൽ എൽഡിഎഫ് – യുഡിഎഫ് പ്രവർത്തകർ നേർക്കുനേർ എത്തിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ​

വൈകുന്നേരം അഞ്ചരയോടെയാണ് ഇരുവിഭാഗം പ്രവർത്തകരും പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി കീഴൂർ ടൗണിൽ തടിച്ചുകൂടിയത്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിനും കേന്ദ്രസേനയ്ക്കും ഇടപെടേണ്ടി വന്നു.

കീഴൂർ പൂവെടിത്തറയ്ക്ക് സമീപം ഇരുമുന്നണികളുടെയും പ്രകടനങ്ങൾ മുഖാമുഖം വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. പയ്യോളിയിലെ സർവകക്ഷി യോഗ തീരുമാനപ്രകാരം വൈകുന്നേരം നാലുമണിക്ക് അവസാനിപ്പിക്കേണ്ട മൈക്ക് അനൗൺസ്‌മെന്റ് അഞ്ചരയായിട്ടും യുഡിഎഫ് തുടരുന്നു എന്നാരോപിച്ച് എൽഡിഎഫ് രംഗത്തെത്തുകയായിരുന്നു.

എന്നാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി പ്രകാരം ആറുമണിവരെ അനൗൺസ്‌മെന്റ് നടത്താൻ അനുവാദമുണ്ടെന്നും പ്രാദേശിക തീരുമാനം ശ്രദ്ധയിൽപ്പെട്ടില്ലെന്നുമാണ് യുഡിഎഫ് പ്രവർത്തകർ വ്യക്തമാക്കിയത്.

തർക്കം മുറുകിയതോടെ ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി അരമണിക്കൂറോളം ടൗണിൽ നിലയുറപ്പിച്ചു. തുടക്കത്തിൽ കുറഞ്ഞ എണ്ണം പോലീസുകാർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

സംഘർഷസാധ്യത കണക്കിലെടുത്ത് പിന്നീട് കേന്ദ്രസേന ഉൾപ്പെടെയുള്ള കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗത്തിനും ഇടയിൽ നിലയുറപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയപരിധിയായ ആറുമണി കഴിഞ്ഞതോടെ പോലീസ് ഇടപെട്ട് പ്രവർത്തകരെ സ്ഥലത്തുനിന്നും മാറ്റിയതോടെയാണ് സംഘർഷാവസ്ഥയ്ക്ക് അയവുണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe