പയ്യോളി: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം യാത്രക്കാരുടെ ഭീഷണിയാകുന്നു. ദേശീയപാത ആറു വരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി പല സ്ഥലങ്ങളിലും സർവീസ് റോഡിലൂടെയാണ് ഗതാഗതം തിരിച്ചുവിടുന്നത്. ഇത് സംബന്ധമായി കൃത്യമായ ദിശ സൂചന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് സ്വകാര്യ ബസ്സുകൾ മരണപ്പാച്ചിൽ നടത്തുന്നത്.
നിറയെ യാത്രക്കാരുമായി വന്ന ബസ് കഴിഞ്ഞദിവസം ഭാഗ്യം കൊണ്ടാണ് കുഴിയിൽ വീഴാതെ രക്ഷപ്പെട്ടത്. പയ്യോളി രണ്ടാം ഗേറ്റിന് സമീപമുള്ള സർവീസ് റോഡ് നിർമ്മിക്കാനായി എടുത്ത സ്ഥലത്തായിരുന്നു സംഭവം. കോഴിക്കോട് നിന്ന് വടകരയ്ക്ക് പോവുകയായിരുന്ന ‘റൂട്ട് മാസ്റ്റർ’ ബസ് ആണ് റൂട്ട് മാറി ഓടി കുഴിയിൽ തങ്ങി നിന്നത്. സംഭവം ഉണ്ടായ ഉടൻതന്നെ ബസ്സിൽ ഉണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയാണ് രക്ഷപെടുത്തിയത്.ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പയ്യോളി ടൗണിലൂടെയുള്ള ഗതാഗതം കഴിഞ്ഞ ദിവസം മുതൽ തിരിച്ചുവിട്ടിരുന്നു. ഇങ്ങനെ വടകര ഭാഗത്തേക്ക് പോയ ബസ് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് ദേശീയപാതയിൽ പ്രവേശിക്കുന്നതിന് പകരം രണ്ടാം ഗേറ്റിലേക്കുള്ള സർവീസ് റോഡ് വഴി മുൻപോട്ട് പോയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. ചെറുവാഹനങ്ങൾ മാത്രം പോകുന്ന ഈ വഴിയിൽ ബസ് കടക്കാൻ ശ്രമിച്ചപ്പോൾ ആണ് സംഭവം.പിന്നീട് മണിക്കൂറുകളോളം ശ്രമിച്ചിട്ടും ബസ് പുറത്തെടുക്കാൻ സാധിക്കാത്ത വന്നതിനെ തുടർന്ന് നിർമ്മാണ കമ്പനിയായ വാഗാടിന്റെ കൂറ്റൻ ക്രെയിൻ സ്ഥലത്ത് എത്തിച്ചാണ് ബസ് നീക്കിയത്.
ദിവസങ്ങൾക്കു മുൻപ് മറ്റൊരു സ്വകാര്യ ബസ് ഇതേ വഴി റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ സമാന സ്ഥിതി ഉണ്ടായിരുന്നു.ബസുകളുടെ മത്സരവട്ടം തോന്നിയ വഴി ആയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് വ്യാപക പരാതിയുണ്ട്. കഴിഞ്ഞ ദിവസം ദേശീയപാത നിർമ്മാണ സ്ഥലത്ത് കൂടെ കടന്നുപോയ സ്വകാര്യ ബസ് നിർമ്മാണ കരാർ കമ്പനിയുടെ ജീപ്പിന്റെ താക്കോലമായി കടന്നുകളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. ജീപ്പ് സർവീസസ് റോഡിൽ കുറുകെയിട്ട് മറ്റുള്ള വാഹനഗതാഗതം പൂർണമായി തടസ്സപ്പെടുത്തിയാണ് ബസ്സുകാർ സ്ഥലം വിട്ടത്. എന്നാൽ ഇക്കാര്യത്തിൽ ബസ് ജീവനക്കാർക്കെതിരെ കേസെടുക്കാനോ മറ്റു നടപടികൾ സ്വീകരിക്കാനോ പോലീസോ മോട്ടോർ വാഹന വകുപ്പോ നടപടി സ്വീകരിച്ചിട്ടില്ല.ഇത്തരം മത്സരഓട്ടങ്ങൾക്കിടയിൽ ചെറുവാഹനങ്ങളുമായി ഉണ്ടാകുന്ന കശപിശ നിരവധിയാണ്.