പയ്യോളി: പൗരത്വ ഭേദഗതി നിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യമുയർത്തി എൽഡിഎഫ് പയ്യോളിയിൽ സംഘടിപ്പിച്ച പ്രതിഷേധ നൈറ്റ് മാർച്ച് പയ്യോളി നഗരം മുമ്പൊരിക്കലും ദർശിച്ചിട്ടില്ലാത്ത വിധം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എൽഡിഎഫ് ലോകസഭ മണ്ഡലം സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചർ മാർച്ചിനെ മുന്നിൽ നിന്നും നയിച്ചു.
പയ്യോളിയിലെ നെല്ലിയേരിമാണിക്കോത്ത് റോഡിൽ നിന്നും കൈകളിൽ തീപ്പന്തവുമായി ആരംഭിച്ച മാർച്ചിൽ പങ്കാളികളാകാൻ അലകടൽകണക്കെ ജനസഹസ്രങ്ങളാണ് ഒഴുകിയെത്തിയത്. റോഡിനിരുവശവും കാണികളെ കൊണ്ട് നിറഞ്ഞു .
ശൈലജ ടീച്ചർക്കൊപ്പം എൽഡിഎഫ് നേതാക്കളായ കെ കെ മുഹമ്മദ്, കാനത്തിൽജമീല എംഎൽഎ , മുൻ എംഎൽഎ കെ ദാസൻ, എം പി ഷിബു , ഡി ദീപ , ടി ചന്തു, പി ബാബുരാജ്, എം പി ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി , പി ടി രാഘവൻ, എൻ ശ്രീധരൻ, കെ ശശിധരൻ , വി എം ഷാഹുൽ ഹമീദ്, കെ കെ കണ്ണൻ , ഖാലിദ് പയ്യോളി എന്നിവരും മാർച്ചിനൊപ്പം അണിനിരന്നു. പയ്യോളി ബീച്ച് റോഡിലെ ഗാന്ധി സ്ക്വയറിൽ അവസാനിച്ച മാർച്ചിനെ സ്ഥാനാർത്ഥി കെ കെ ശൈലജ അഭിസംബോധന ചെയ്തു സംസാരിച്ചു.