പയ്യോളി: ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ പയ്യോളിയിൽ നഗരസഭയുടെ താൽക്കാലിക മത്സ്യ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. ദേശീയപാതയിൽ വടകര ഭാഗത്തുള്ള സർവീസ് റോഡിനോട് ചേർന്നാണ് ഇന്നു രാവിലെ മുതൽ മത്സ്യ മാർക്കറ്റ് പ്രവർത്തനം തുടങ്ങിയത്.നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് 53 ലക്ഷം രൂപ ചെലവിട്ട് മത്സ്യ മാർക്കറ്റ് നവീകരിക്കാൻ ആണ് തൊഴിലാളികളെ താൽക്കാലിക ഷെഡിലേക്ക് മാറ്റിയത്.എന്നാൽ നേരത്തെ തന്നെ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം മത്സ്യ മാർക്കറ്റിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ച് തൊഴിലാളികൾ പ്രതിഷേധം ഉയർത്തിയിരുന്നു. ഒടുവിൽ നഗരസഭയിൽ മത്സ്യ മാർക്കറ്റ് തൊഴിലാളികളുമായി ഇത് സംബന്ധമായ ചർച്ച നടത്തിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചത്. രണ്ടു കോടി രൂപ ചെലവിട്ടാണ് നഗരസഭയുടെ സ്വപ്ന പദ്ധതി എന്ന നിലയിൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കുന്നത്.

പയ്യോളി നഗരസഭ മത്സ്യ മാർക്കറ്റ് താൽക്കാലിക ഷെഡ്‌ഡിൽ പ്രവർത്തനമാരംഭിച്ചപ്പോ

പയ്യോളി മത്സ്യ മാർക്കറ്റ് തൊഴിലാളികളെ മാറ്റാനായി ഇന്നലെ നഗരസഭ അധികൃതർ ശ്രമം നടത്തുന്നു
ഇതോടൊപ്പം തന്നെയാണ് ഇപ്പോൾ മത്സ്യ മാർക്കറ്റ് നവീകരണ പ്രവർത്തിയും ആരംഭിച്ചത്. രണ്ടു ജോലികളും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് കരാർ എടുത്തിട്ടുള്ളത്.മാർക്കറ്റ് തൊഴിലാളികൾ താൽക്കാലിക ഷെഡ്ഢിലേക്ക് മാറാൻ പലതവണ നഗരസഭ ആവശ്യപ്പെട്ടിട്ടും നടപ്പാക്കാതെ വന്നതോടെ ഇന്നലെ ബലപ്രയോഗത്തിലൂടെ മാറ്റാനുള്ള ശ്രമം നടത്തിയിരുന്നു. തങ്ങൾക്ക് ലഭിക്കേണ്ട ഐഡി കാർഡുകൾ അനുവദിച്ചു തന്നാൽ മാത്രമേ താൽക്കാലിക ഷെഡ്ഢിലേക്ക് മാറുകയുള്ളൂ എന്നതായിരുന്നു തൊഴിലാളികളുടെ നിലപാട്. ഇല്ലെങ്കിൽ മാർക്കറ്റ് നവീകരണം പൂർത്തിയായാൽ തങ്ങൾക്കുള്ള അവസരം നഷ്ടപ്പെടുമെന്ന് ആശങ്കയായിരുന്നു തൊഴിലാളികൾ പങ്കുവെച്ചത്.ഇന്നലെ മത്സ്യ മാർക്കറ്റിൽ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കാൻ വേണ്ടി സർവ്വ സന്നാഹങ്ങളുമായാണ് നഗരസഭ എത്തിയത്. ഒടുവിൽ തൊഴിലാളികളുടെ ഐഡന്റിറ്റി കാർഡിന്റെ കാര്യത്തിൽ നഗരസഭ സെക്രട്ടറി എ. വിജിലയും പയ്യോളി സി.ഐ എ. കെ സജീഷും നൽകിയ ഉറപ്പിൽ തൊഴിലാളികൾ താൽക്കാലിക ഷെഡ്ഢിലേക്ക് വിൽപ്പന മാറ്റാൻ തയ്യാറാവുകയായിരുന്നു.