പയ്യോളി: സ്വകാര്യ ബസിന്റെ അപകടകരമായ വേഗത ചോദ്യം ചെയ്തതിന് ജീപ്പ് ഡ്രൈവറെ മർദ്ദിച്ച് താക്കോലുമായി സ്വകാര്യ ബസ് ജീവനക്കാർ കടന്നു കളഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെ അയനിക്കാട് പെട്രോൾ പമ്പിന് സമീപത്താണ് സംഭവം.കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന കെ എൽ 58 എസി 0480 നമ്പർ സെന്റ് മേരീസ് ബസ്സിലെ ജീവനക്കാരാണ് ഈ അതിക്രമം കാണിച്ചത്. ദേശീയപാത നിർമ്മാണ കമ്പനിയായ അതാണ് ഈ ഗ്രൂപ്പിന് വേണ്ടി ഓടുന്ന ബൊലേറോ ജീപ്പ് ഡ്രൈവർ കൊയിലാണ്ടി സ്വദേശി നികേതിനാണ് (23) മർദ്ദനമേറ്റത്. തുടർന്ന് ജീപ്പ് ദേശീയപാതയ്ക്ക് കുറുകെയിട്ട് ബസ്സുകാർ കടന്നു കളയുകയായിരുന്നു. പിന്നീട് പയ്യോളി പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജീപ്പ് തള്ളി മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ബസ് പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു.
പയ്യോളിയിൽ നിന്ന് അയനിക്കാട് പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് സർവീസുകൾ ഒഴിവാക്കി പുതിയ ആറു വരി പാതയിലൂടെ യാണ് സ്വകാര്യ ബസുകൾ സഞ്ചരിക്കുന്നത്. ഇങ്ങനെ അമിതവേഗതിയിൽ കുതിച്ചെത്തുന്ന ബസ്സുകളിലെ ജീവനക്കാർ സർവീസ് റോഡ് വഴി വരുന്ന വാഹനങ്ങളെ തടഞ്ഞുനിർത്തി ബസിന് പാതയൊരുക്കി കടന്നു പോവുകയാണ് ചെയ്യുന്നത്. ഇത് ചോദ്യം ചെയ്യുന്ന മറ്റു വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. പയ്യോളി എസ് ഐ ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയാണ് തുടർനടപടികൾ സ്വീകരിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ദേശീയപാത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.