പന്ത്രണ്ട് വയസുകാരനെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഏഴ് വർഷം കഠിനതടവും പിഴയും

news image
Apr 7, 2026, 8:47 am GMT+0000 payyolionline.in

നാദാപുരം: പന്ത്രണ്ട് വയസുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ഏഴ് വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മാഹി പാറക്കൽ മുകുന്ദ മാല രാജീവനെ (63) ആണ് നാദാപുരം പോക്സോ കോടതി ജഡ്ജി ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.

2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ ബൈക്കിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. കുട്ടിയെ സമ്മാനങ്ങൾ നൽകി പ്രലോഭിപ്പിച്ചായിരുന്നു നിരന്തരമായ ഉപദ്രവം. ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ വി.കെ. മനീഷ്, എ.എസ്.ഐ വൈജ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഒൻപത് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. അതേസമയം, ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി പ്രതിക്ക് കോടതി നിലവിൽ താത്കാലിക ജാമ്യം അനുവദിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe