പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ പ്രിൻസിപ്പാളിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. കോളേജിലെ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ പ്രവർത്തകർ കുത്തിയിരിക്കുകയാണ്. പ്രിൻസിപ്പലിനെ ഉടൻ തൽസ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടാണ് എസ്എഫ്ഐ പ്രവർത്തകർ സമരം ചെയ്യുന്നത്. നേരത്തെ ഹാജർ നിലയിൽ പ്രിൻസിപ്പൽ കൃത്രിമം കാണിച്ചു എന്ന വിദ്യാർത്ഥികളുടെ പരാതിയിൽ അന്വേഷണം നടത്തിയ സർവ്വകലാശാല പ്രിൻസിപ്പലിനെ നീക്കാൻ കോളേജിന് നിർദ്ദേശം നൽകിയിരുന്നു.
അതേസമയം കഴിഞ്ഞാഴ്ച എറണാകുളം മഹാരാജാസ് കോളേജിൽ പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടിരുന്നു. കോളേജ് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമത്തിൽ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം. വൈകിട്ട് നാല് മണിയോടെ തുടങ്ങിയ ഉപരോധ സമരം രാത്രി 9.45 ഓടെയായിരുന്നു അവസാനിച്ചത്. എന്നാൽ സംഭവത്തിൽ പ്രിൻസിപ്പൽ ഇതുവരെ പൊലീസിന്റെ സഹായം തേടിയിട്ടില്ല. പ്രിൻസിപ്പലിന്റെ പ്രതികരണവും ലഭ്യമായിട്ടില്ല. സമര വിവരമറിഞ്ഞ് കോളേജിലെത്തിയ മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ എസ്എഫ്ഐ പ്രവർത്തകർ ശ്രമിക്കുകയും ചെയ്തിരുന്നു.