പോത്തൻകോട്: പത്തനംതിട്ടയിൽ നഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി ബന്ധുക്കൾ. അമ്മു ആത്മഹത്യ ചെയ്യില്ലെന്നും, ഹോസ്റ്റൽ അധികൃതരും സഹപാഠികളും പലതും ഒളിക്കുന്നുണ്ടെന്നും അമ്മുവിന്റെ സഹോദരൻ അഖിൽ പറഞ്ഞു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കുടുംബം പരാതി നൽകുമെന്നും സഹോദരൻ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിങ് കോളജിലെ ബി.എസ്സി അവസാന വർഷ വിദ്യാർഥിനി അമ്മു എസ്. സജീവിനെ ഹോസ്റ്റലിലെ മൂന്നാംനിലയിൽനിന്ന് വീണനിലയിൽ കണ്ടെത്തിയത്. ഗുരുതര പരിക്കേറ്റ അമ്മുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു മരണം. ഹോസ്റ്റൽ മുറിയിലെ പരിശോധനയിൽ ‘I quit ’ എന്ന് എഴുതിയ പേപ്പർ കണ്ടെത്തിയിരുന്നു. ഇതിലെല്ലാം ദുരൂഹത ആരോപിക്കുകയാണ് ബന്ധുക്കൾ. അമ്മു ടൂർ കോഓഡിനേറ്ററായതു മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ടെന്നും സഹോദരൻ അഖിൽ പറഞ്ഞു.
ഹോസ്റ്റലിലെ ലോഗ് ബുക്ക് കാണാതെ പോയത്തിൽ അമ്മുവിനെ കുറ്റപ്പെടുത്തി. മുമ്പും സഹപാഠികൾ അമ്മുവിനെ മർദിക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു. ഇതിനെതിരെ പിതാവ് സജീവൻ കോളജിൽ നേരിട്ട് പോയി പരാതി നൽകിയിരുന്നു. ഈ പരാതി കോളജ് അധികൃതർ അവഗണിച്ചതായും കുടുംബം ആരോപിക്കുന്നു. അപകടത്തിന് 15 മിനിറ്റ് മുമ്പ് അമ്മു പിതാവ് സജീവനുമായി ഫോണിൽ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
നാളെ വീട്ടിലേക്ക് വരുന്നുണ്ടെന്നും ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്ത് കൂട്ടിക്കൊണ്ടുപോകാൻ വെഞ്ഞാറമൂട് എത്തണമെന്നും പിതാവിനോട് ആവശ്യപ്പെട്ടു. കടയിൽ തിരക്കായതിനാൽ പിന്നെ വിളിക്കാം എന്ന് അമ്മുവിനോട് പിതാവ് പറഞ്ഞു. സന്തോഷമായാണ് അമ്മു സംസാരിച്ചതെന്നും പിതാവ് പറഞ്ഞു. കുറച്ചുകഴിഞ്ഞ് വിളിച്ചപ്പോൾ ഫോൺ എടുക്കാത്തതു മൂലം കോളജ് റിസപ്ഷനിൽ വിളിച്ചപ്പോഴാണ് കാര്യം അറിയുന്നത്. മകൾക്ക് അപകടം പറ്റിയെന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നതായും കോളജ് അധികൃതർ പറഞ്ഞു.
പൊലീസ് കൃത്യമായി അന്വേഷണം നടത്തിയാൽ യഥാർഥ വസ്തുത തെളിയുമെന്നും ബന്ധുക്കൾ പറഞ്ഞു. അമ്മുവിന്റെ വീട് മന്ത്രി ജി.ആർ. അനിൽ സന്ദർശിച്ചു. മരണത്തിൽ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ടെന്നും പരാതി കിട്ടിയാൽ അന്വേഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.