തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങളടക്കം ലഹരി ഉത്പന്നങ്ങള്‍ വിൽപ്പന നടത്തുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂര്‍ വലിയകത്ത് ലത്തീഫ് (50) ആണ് അറസ്റ്റിലായത്. 465 പാക്കറ്റ് ഹാന്‍സുമായാണ് വാടാനപ്പള്ളി പൊലീസ് ലത്തീഫിനെ പിടികൂടിയത്. ലഹരി ഉത്പന്നങ്ങള്‍ കടത്താനുപയോഗിച്ച സ്‌കൂട്ടറും പിടികൂടി. ലത്തീഫ് സ്ഥിരമായി ലഹരി വസ്തുക്കള്‍ വിൽപ്പന നടത്തുന്നയാളാണെന്ന് പൊലീസ് അറിയിച്ചു.
വാടാനപ്പള്ളി നന്തിലത്ത് ഷോറൂമിന് എതിര്‍വശത്തെ എം.ബി.എ. ടീ സ്റ്റാളിന് സമീപത്തുനിന്നാണ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്
വാടാനപ്പള്ളി എസ്.ഐ. അജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. തീരദേശത്തെ ഹോള്‍സെയില്‍ ലഹരി ഉത്പന്ന കച്ചവടക്കാരനാണ് ലത്തീഫ്. സമാനമായ രീതിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിന് ലത്തീഫിനെതിരേ വലപ്പാട്, വാടാനപ്പള്ളി, അന്തിക്കാട് സ്റ്റേഷനുകളില്‍ നേരത്തെ കേസുകളുണ്ട്.
ഇയാളുടെ വീട്ടില്‍നിന്നടക്കം നേരത്തെ ഹാന്‍സ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ലത്തീഫും സ്‌കൂള്‍ അധ്യാപികയായ ഭാര്യയും ഒന്നിച്ചാണ് നേരത്തെ ഹാന്‍സ് വില്പനക്കായി കൊണ്ടുവന്നിരുന്നത്. തമ്പാന്‍കടവ്, മുറ്റിച്ചൂര്‍, ചേര്‍പ്പ്, ചെന്ത്രാപ്പിന്നി, കോതകുളം എന്നിവിടങ്ങളില്‍ വച്ച് ഇവര്‍ പിടിയിലായിട്ടുണ്ട്. സ്‌കൂളില്‍ ലഹരിക്കെതിരേ സംസാരിക്കുകയും പുറത്തുവന്നാല്‍ ലഹരി വില്പന നടത്തുകയും ചെയ്തിരുന്ന അധ്യാപികയ്ക്ക് പൊലീസ് താക്കീത് നല്‍കിയതിനെ തുടര്‍ന്ന് ലത്തീഫ് ഒറ്റയ്ക്കാണ് ലഹരി ഇപ്പോള്‍ കടത്ത്.
ലത്തീഫിനെ പിടികൂടിയ സ്ഥലത്തെ ടീസ്റ്റാളില്‍നിന്ന് 30 പാക്കറ്റ് ഹാന്‍സ് പൊലീസ് കണ്ടെടുത്തു. കട നടത്തുന്ന ധര്‍മേഷ് കുമാറിനെതിരേയും കേസെടുത്തു. അഡീഷണല്‍ എസ്.ഐ. റഫീഖ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, ശ്രീജിത്ത്, സുനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.