കാട്ടാക്കട (തിരുവനന്തപുരം) ∙ ട്രെയിനിൽ പരിചയപ്പെട്ട യുവതിയുടെ പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ യുവാവും സഹായിയും പെൺകുട്ടിയുടെ മാതാവും അറസ്റ്റിലായി. പന്ത ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽദേവ്(25), ഇയാളുടെ സുഹൃത്ത് കാട്ടാക്കട മൂങ്ങോട്ടുകോണം വിനീഷ ഭവനിൽ വിനീഷ(24), പെൺകുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
പൊലീസ് പറയുന്നത്: 3 മാസം മുൻപ് തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയുടെ മാതാവിനെ അഖിൽദേവ് ട്രെയിൻ യാത്രയ്ക്കിടെ പരിചയപ്പെട്ടു. ഇരുവരും ഫോൺ നമ്പർ കൈമാറി. തുടർന്ന് സൗഹൃദത്തിലായി. പരിചയപ്പെട്ട ശേഷം അഖിൽ ദേവ് കൊച്ചിയിലെത്തി പെൺകുട്ടിയുടെ അമ്മയുടെ പേരിൽ ലോഡ്ജിൽ മുറിയെടുക്കുമായിരുന്നു.
ഈ സമയത്ത് പെൺകുട്ടിയെ പലവട്ടം പീഡിപ്പിച്ചു. ഇതിനുശേഷം തിരുവനന്തപുരത്തും അഖിൽദേവിന്റെ വീട്ടിലെത്തിച്ചും പീഡിപ്പിച്ചു. പിന്നീട് ഇവരുമായി വിനീഷയുടെ വീട്ടിലെത്തിയപ്പോൾ സംശയം തോന്നി രാത്രി വിനീഷയുടെ മാതാവാണ് പൊലീസിനെ വിവരമറിയിച്ചത്. പീഡനം സംബന്ധിച്ച പൊലീസ് 2 കേസുകൾ റജിസ്റ്റർ ചെയ്തു.