പടക്കശാല സ്ഫോടനം: മലയാളിയുൾപ്പെടെ രണ്ടു പേരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

news image
Jan 30, 2024, 2:00 pm GMT+0000 payyolionline.in

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ മൂന്നുപേരുടെ ജീവനെടുത്ത സ്ഫോടനം നടന്ന പടക്ക നിർമാണ ശാല അഗ്നിശമന സേന വിഭാഗം ഡി.ഐ.ജി രവി ഡി. ചണ്ണന്നവർ സന്ദർശിച്ചു. മരിച്ച മൂന്നുപേരിൽ മലയാളി ഉൾപ്പെടെ രണ്ടാളുകളുടെ മൃതദേഹം തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന ആവശ്യമാണെന്ന് അദ്ദേഹം അറിയിച്ചു.

സ്ഫോടന ആഘാതത്തിൽ 70 മീറ്റർ വരെ അകലത്തിൽ ചിതറിത്തെറിച്ചതിനാൽ രണ്ട് മൃതദേഹങ്ങളുടെ തിരിച്ചറിയാനാവുന്ന ഭാഗങ്ങൾ ശേഷിക്കുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴി മരിച്ച എ. സ്വാമി എന്ന കുഞ്ഞി എന്ന നാരായണയുടെ(55) മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. മലയാളിയായ എം. വർഗ്ഗീസ്, ഹാസൻ അർസിക്കരയിലെ ചേതൻ എന്നിവരുടേതാണോ മറ്റു രണ്ട് മൃതദേഹങ്ങൾ എന്നറിയാനാണ് ഡി.എൻ.എ പരിശോധന.

സോളിഡ് ഫയർവർക്സ് ഫാക്ടറി പടക്ക നിർമാണ ലൈസൻസുള്ള സ്ഥാപനമാണെന്ന് ഡി.ഐ.ജി പറഞ്ഞു. എന്നാൽ 15 കിലോഗ്രാം വെടിമരുന്ന് സൂക്ഷിക്കാൻ മാത്രമാണ് അനുമതിയെങ്കിലും 100 കിലോഗ്രാം ശേഖരം കണ്ടെത്തി. ജലാറ്റിൻ സാന്നിധ്യം ഇല്ല. പൊട്ടാസ്യം ക്ലോറൈഡിന്റേയോ പൊട്ടാസ്യം നൈട്രേറ്റിന്റേയോ സമ്മർദ്ദം സ്ഫോടനത്തിന് കാരണമാവാം എന്നാണ് മംഗളൂരു മേഖല ഫോറൻസിക് ലബോറട്ടറി സീനിയർ സയിന്റിഫിക് ഓഫിസർ ഡോ. കെ.എസ്. ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘത്തിന്റെ നിഗമനം. 85 സാമ്പിളുകൾ സംഭവസ്ഥലത്ത് നിന്ന് സംഘം ശേഖരിച്ചു.

വേനൂർ റോഡിൽ ഗോളിയങ്ങാടിയിൽ പ്രവർത്തിക്കുന്ന ഫാക്ടറി ഉടമ സെയ്ദ് ബഷീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൈസൂരുവിൽ നിന്ന് വൻതോതിൽ പടക്കം എത്തിക്കാൻ ലഭിച്ച ഓർഡർ അനുസരിച്ച് തിരക്കിട്ട് നിർമാണം നടത്തിയതും അപകടത്തിൽ കലാശിച്ചെന്ന് പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe