പഞ്ചാബിൽ സംപൂജ്യരായി ബി.ജെ.പി; 13ൽ ഏഴിടത്ത് കോൺഗ്രസ്, മൂന്ന് സീറ്റിൽ എ.എ.പി

news image
Jun 4, 2024, 12:12 pm GMT+0000 payyolionline.in

ചണ്ഡിഗഡ്: മുന്നണി സമവാക്യങ്ങളില്ലാതെയാണ് 13 ലോക്സഭാ സീറ്റുള്ള പഞ്ചാബ് ഇത്തവണ പൊതുതെരഞ്ഞെടുപ്പ് നേരിട്ടത്. ഇൻഡ്യ സഖ്യകക്ഷികളാണെങ്കിലും കോൺഗ്രസുമായി സംസ്ഥാനത്ത് സഖ്യം വേണ്ടെന്ന് എ.എ.പിയും, കേന്ദ്രസർക്കാറിന്‍റെ കർഷകരോടുള്ള സമീപനത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് അകാലിദളും നിലപാട് സ്വീകരിച്ച തെരഞ്ഞെടുപ്പുകാലമാണ് കടന്നുപോയത്. ഇതോടെ 2019ൽ രണ്ടു സീറ്റു നേടിയ ബി.ജെ.പിക്ക് ഇത്തവണ സംസ്ഥാനത്ത് സീറ്റില്ലാതെയായി. ഏഴിടത്ത് കോൺഗ്രസും മൂന്നിടത്ത് എ.എ.പിയും ഒരിടത്ത് അകാലിദളും മുന്നേറുന്ന കാഴ്ചയാണ് പഞ്ചാബിലുള്ളത്. ശേഷിക്കുന്ന രണ്ട് സീറ്റുകൾ സ്വതന്ത്രർ സ്വന്തമാക്കുമെന്നും ഏതാണ്ട് ഉറപ്പായി.

അമൃത്‌സർ (ഗുർജിത് സിങ് ഓജ്‌ല), ഫത്തേഗഡ് സാഹിബ് (അമർ സിങ്), ഫിറോസ്പുർ (ഷേർ സിങ് ഗുബായ), ഗുർദാസ്പുർ (സുഖ്ജിന്ദർ സിങ് രൺധാവ), ജലന്ധർ (ചരൺജിത് സിങ് ഛന്നി), ലുധിയാന (അമരിന്ദർ സിങ് രാജ), പട്യാല (ഡോ. ധരംവീർ ഗാന്ധി) എന്നിവിടങ്ങളാണ് കോൺഗ്രസ് മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചത്. അനന്ദ്പുർ സാഹിബ്, ഹോഷിയാർപുർ, സംഗ്രുർ മണ്ഡലങ്ങളിൽ ആംആദ്മി മുന്നേറുന്നു.

ബത്തിൻഡയിൽ അകാലിദളിന്‍റെ ഹർസിമ്രത് കൗർ ബാദൽ വൻ ഭൂരിപക്ഷവുമായി മുന്നേറുകയാണ്. ഫരീദ്കോട്ടിൽ സ്വതന്ത്ര സ്ഥാനാർഥി സരബ്ജീത് സിങ് ഖൽസ ഏതാണ്ട് വിജയമുറപ്പിച്ചിട്ടുണ്ട്. ഖഡൂർ സാഹിബിൽ സ്വതന്ത്രമായി മത്സരിച്ച സിഖ് വിഘടനവാദി അമൃത്പാൽ സിങ് ഒന്നരലക്ഷത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷവുമായി മുന്നേറുന്നുണ്ട്.

2019ൽ അകാലിദളുമായി സഖ്യത്തിൽ ഏർപ്പെട്ട് മത്സരിച്ചതോടെയാണ് ബി.ജെ.പിക്ക് സംസ്ഥാനത്ത് രണ്ട് സീറ്റ് നേടാനായത്. അകാലിദൾ രണ്ട് സീറ്റ് നേടിയതോടെ മുന്നണിക്ക് നല് സീറ്റുകളുണ്ടായിരുന്നു. അവശേഷിച്ച ഒൻപതിൽ എട്ടെണ്ണം കോൺഗ്രസും ഒന്ന് എ.എ.പിയും സ്വന്തമാക്കി. മുൻ മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായിരുന്ന പ്രകാശ് സിങ് ബാദലിന്‍റെ വിയോഗത്തിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പെന്ന നിലയിൽ അകാലിദളിന് ഇത്തവണ നിലനിൽപ്പിന്‍റെ പോരാട്ടം കൂടിയാണ്. 13 മണ്ഡലത്തിലും സ്ഥാനാർഥികളെ നിർത്തിയെങ്കിലും ഒന്നിൽ മാത്രമേ പാർട്ടിക്ക് പ്രതീക്ഷിച്ച മുന്നേറ്റം നടത്താനായുള്ളൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe