പത്തനംതിട്ട: നൗഷാദ് തിരോധാന കേസില്‍ അഫ്സാനയുടെ ആരോപണത്തിനെതിരെ വീഡിയോ തെളിവ് പുറത്തുവിട്ട് പൊലീസ്. മർദ്ദിച്ചു എന്ന ആരോപണം കളവാണെന്ന് പൊലീസ് പറയുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്സാന കാണിച്ച പാടുകൾ വ്യാജമാണെന്നും പൊലീസ് കൂട്ടിച്ചേര്‍ക്കുന്നു. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ വകുപ്പ് തല അന്വേഷണത്തിനായി കൂടൽ പൊലീസ് സമർപ്പിച്ചു. ചോദ്യം ചെയ്യലിന്റെ സിസിടിവി ദൃശ്യങ്ങളും കൈമാറിയിട്ടുണ്ട്. നൗഷാദിനെ കൊലപ്പെടുത്തി എന്ന രീതിയിൽ അഫ്സാന പൊലീസിന് കാണിച്ചു കൊടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് തന്നെക്കൊണ്ട് പൊലീസ് തല്ലി പറയിപ്പിച്ചു എന്നായിരുന്നു നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ ആരോപണം. പൊലീസ് തന്നെ കൊലക്കേസിൽ കുടുക്കാൻ ശ്രമിച്ചുവെന്നും പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരിയായി ചിത്രീകരിച്ചുവെന്നും അഫ്സാന ആരോപിച്ചിരുന്നു. കൂടൽ പൊലീസിനും ഡിവൈഎസ്പി ഉൾപ്പെടെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അഫ്സാന ഉന്നയിച്ചത്. ജയിൽ മോചിതയായ ശേഷമാണ് പൊലീസിനെതിരെ ആരോപണവുമായി അഫ്സാന രംഗത്തെത്തിയത്. നൗഷാദ് തിരോധാന കേസിൽ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചെന്ന കുറ്റത്തിന് റിമാൻഡിൽ ആയിരുന്നു അഫ്സാന. അതിനിടെ, അഫ്സാനയുടെ ജീവിതം പൊലീസ് തകർത്തു എന്ന ആരോപണവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ അഫ്സാന ഉന്നയിച്ച് ആരോപണങ്ങൾ പൊലീസ് പൂർണമായി തള്ളുകയാണ്. തിരോധാന കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപോൾ അഫ്സാനയാണ് പരസ്പരവിരുദ്ധമായ മൊഴി നൽകിയത്. മർദ്ദിച്ചുവെന്ന ആരോപണം പച്ചക്കള്ളമാണെന്ന് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നു.