ന്യൂസ് ക്ലിക്ക് കേസ്; മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം, ദില്ലി പൊലീസിന് സുപ്രീം കോടതി നോട്ടീസ്

news image
Oct 19, 2023, 7:10 am GMT+0000 payyolionline.in

ദില്ലി: ന്യൂസ് ക്ലിക്കിനെതിരായ യുഎപിഎ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ദില്ലി പൊലീസിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ രണ്ട് ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ച് ദില്ലി പൊലീസിന് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ ദില്ലി പൊലീസിന്‍റെ വിശദീകരണം ആവശ്യമാണെന്ന് ചൂണ്ടികാണിച്ചാണ് മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് വ്യക്തമാക്കി സുപ്രീം കോടതി നോട്ടീസ് നല്‍കിയത്.

ഹര്‍ജികള്‍ ഒക്ടോബര്‍ 30ന് വീണ്ടും പരിഗണിക്കും. യുഎപിഎ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് ഹര്‍ജികളിലെ ആവശ്യം. നിരവധി അന്വേഷണ ഏജന്‍സികള്‍ ന്യൂസ് ക്ലിക്കിനെതിരെ അന്വേഷണം നടത്തുന്നതിനിടെയാണ് ഹര്‍ജിയില്‍ ദില്ലി പൊലീസിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നേരത്തെ ദില്ലി ഹൈക്കോടതി സമാനമായ ഹര്‍ജി തള്ളിയിരുന്നു. ന്യൂസ് ക്ലിക്കിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹാജരായത്.

71 വയസ് കഴിഞ്ഞ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്ത ജയിലിലാണെന്നും അടിയന്തരമായി കേസ് പരിഗണിക്കണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യം സുപ്രീം കോടതി പരിഗണിച്ചില്ല. ഒരാഴ്ച സുപ്രീം കോടതി അവധിയാണ്. അവധിക്കുശേഷം ഹര്‍ജി പരിഗണിക്കാമെന്നും ദില്ലി പൊലീസിന്‍റെ വിശദീകരണം ആവശ്യമാണെന്നും സുപ്രീം കോടതി അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ചൈനീസ് ഫണ്ട് സ്വീകരിച്ചെന്ന യുഎപിഎ കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്കിന്‍റെ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളിയത്. അറസ്റ്റിനെ ചോദ്യം ചെയ്ത് ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബിര്‍ പുര്‍കായസ്തയും എച്ച്.ആര്‍ മേധാവി അമിത് ചക്രവര്‍ത്തിയും നല്‍കിയ ഹര്‍ജിയാണ് ദില്ലി ഹൈക്കോടതി തള്ളിയത്. അന്വേഷണം തുടരുകയാണെന്നും തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നുമുള്ള ദില്ലി പൊലീസിന്‍റെ വാദം പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ നടപടി. ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്ലും സാമ്പത്തിക കുറ്റകൃത്യവിഭാഗവും വിശദമായ അന്വേഷണം നടത്തുകയാണെന്നും ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നും ദില്ലി പൊലീസ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe