നോട്ട് നിരോധിച്ചപ്പോൾ പ്രതികരിച്ച എം.ടിയുടെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ട് -രാഹുൽ മാങ്കൂട്ടത്തിൽ

news image
Dec 26, 2024, 4:46 am GMT+0000 payyolionline.in

പാലക്കാട്: വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി. വാസുദേവൻ നായരെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. മനുഷ്യന്റെ വികാരവിക്ഷോഭങ്ങളെ ഇത്രയും അടക്കത്തോടെ എഴുതിയ അധികം എഴുത്തുകാരില്ലെന്നും നാടിനെ ബാധിച്ച എല്ലാ വിഷയങ്ങളോടും ആ എഴുത്തുകാരൻ കൃത്യമായി പ്രതികരിച്ചിരുന്നുവെന്നും രാഹുൽ അനുസ്മരിച്ചു. നോട്ട് നിരോധിച്ചപ്പോൾ വിരൽചൂണ്ടി പ്രതികരിച്ച അദ്ദേഹത്തിന്റെ വാക്കുകളുടെ താപം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.

നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് എം.ടി അന്ന് തുറന്നടിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്ന് തന്നെ സന്ദര്‍ശിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോട് അദ്ദേഹം സൂചിപ്പിച്ചിരുന്നു. പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടംവാങ്ങാമായിരുന്നു, എന്നാല്‍ ഇന്ന് ആരുടെ കൈയിലും പണമില്ലാതായിരിക്കുകയാണെന്നും എം.ടി പറഞ്ഞു. സാഹിത്യോല്‍സവത്തിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കിയിട്ടാണ് ബേബി മടങ്ങിയത്.

നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം.ടി പറഞ്ഞിരുന്നു. പിന്നീട് മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം.ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു. അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളിൽനിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറിൽ എം.ടിയുടെ പ്രതികരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe