ന്യൂഡൽഹി: മെഡിക്കൽ, ഡെന്റൽ, അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി 2023) ഫലം നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പ്രസിദ്ധീകരിച്ചു. തമിഴ്നാട്ടിൽനിന്നുള്ള ജെ പ്രപഞ്ചനും (ജനറൽ കാറ്റഗറി) ആന്ധ്രയിൽനിന്നുള്ള ബോറ വരുൺ ചക്രവർത്തിയും (ഒബിസി നോൺ ക്രിമിലെയർ) ഒന്നാം റാങ്ക് പങ്കിട്ടു. ഇരുവരും 720ൽ 720 മാർക്കുംനേടി.
തമിഴ്നാട്ടിൽനിന്നുള്ള കൗസ്തവ് ബൗരി (പട്ടികജാതി വിഭാഗം) 716 മാർക്കോടെ മൂന്നാം റാങ്ക് നേടി. പഞ്ചാബിൽനിന്നുള്ള പ്രഞ്ജൽ അഗർവാൾ (ജനറൽ കാറ്റഗറി) 715 മാർക്കുമായി നാലാം റാങ്ക് കരസ്ഥമാക്കി. കേരളത്തിൽനിന്ന് പരീക്ഷയെഴുതിയ ആര്യ ആർ എസ് 23–ാം റാങ്കുണ്ട്. ജനറൽ കാറ്റഗറിയിൽ 711 മാർക്ക് നേടിയ ആര്യ കോഴിക്കോട് സ്വദേശിനിയാണ്. ആദ്യ അമ്പതിൽ കേരളത്തിൽനിന്ന് പരീക്ഷയെഴുതിയ മറ്റാർക്കും ഇടം പിടിക്കാൻ കഴിഞ്ഞില്ല. തമിഴ്നാട്ടിൽനിന്നുള്ള മലയാളി വിദ്യാർഥി ജേക്കബ് ബിവിൻ 36–-ാം റാങ്ക് നേടി. രണ്ടാം റാങ്ക് പ്രസിദ്ധീകരിച്ചിട്ടില്ല. ചൊവ്വ രാത്രി ഒമ്പതോടെയാണ് ഫലം വെബ്സൈറ്റിൽ ലഭ്യമായത്. 20 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.