പാലക്കാട്: ശിശു സംരക്ഷണ സമിതിക്ക് കീഴിലുള്ള നിർഭയ ‘എൻട്രി ഹോമി’ൽ നിന്ന് അതിജീവിത ഉൾപ്പെടെ മൂന്നംഗ സംഘം പുറത്തുചാടിയത് ഒരുവർഷത്തിനിടെ ഇത് മൂന്നാം തവണ. ജൂലൈ രണ്ടാം വാരത്തിൽ ഇവരുൾപ്പെടെ 19 പേരാണ് പുറത്തുപോയത്. അഞ്ച് മണിക്കൂറിനുള്ളിൽ പിടികൂടുകയും ചെയ്തു. ഇവരിൽ തിങ്കളാഴ്ച പുറത്തുചാടിയ മൂവർ സംഘവും ഉണ്ടായിരുന്നു. നല്ല ഭക്ഷണം നൽകാത്തതും വീട്ടിൽ പോകാൻ അനുവദിക്കാത്തതുമാണ് പുറത്തുപോകാൻ കാരണമായി ഇവർ പറഞ്ഞിരുന്നത്.
ശിശു ക്ഷേമ സമിതി പ്രവർത്തകർ അതിന് ശേഷം കേന്ദ്രത്തിലെത്തി അന്തേവാസികളുമായി സിറ്റിങ് നടത്തി കൂടുതൽ ജീവനക്കാർ ആവശ്യമുണ്ടെന്ന് കണ്ടെത്തുകയും നിയമനം നടത്താൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ നിയമനങ്ങൾ ഉൾപ്പെടെ എട്ടുപേരാണ് ഇപ്പോൾ എൻട്രി ഹോമിൽ ജീവനക്കാരായി ഉള്ളത്. നല്ല ഭക്ഷണം വേണമെന്ന ആവശ്യം പരിഗണിച്ച് ഭക്ഷണ കാര്യത്തിൽ ആഴ്ചയിൽ കുട്ടികളുടെ അഭിപ്രായം തേടണമെന്നും നിർദേശിച്ചിരുന്നതായി ശിശു ക്ഷേമ സമിതി ചെയർമാൻ എം.ബി. മോഹനൻ മാധ്യമത്തോട് പറഞ്ഞു.
ഓണം പോലുള്ള ആഘോഷ സമയങ്ങളിൽ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കാറുണ്ട്. വീട്ടിലെ അവസ്ഥയും സാഹചര്യങ്ങളും വീട്ടുകാരുടെ താൽപര്യവും വിലയിരുത്തിയാണ് സമിതി അനുമതി നൽകാറുള്ളത്. എന്നാൽ കാണാതായ പെൺകുട്ടികൾക്ക് സമിതിയിൽ നിന്ന് അനുകൂല മറുപടി ലഭിച്ചില്ല. 20 ഓളം പേരാണ് പാലക്കാട്ടെ എൻട്രി ഹോമിലുള്ളത്. കുട്ടികൾ പുറത്തുപോകുന്നത് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.