കാസർകോട്: വേദനജനകവും നിർഭാഗ്യകരവുമായ സംഭവമാണ് നിലേശ്വരത്ത് നടന്നതെന്നും എന്നാൽ, ക്ഷണിച്ച് വരുത്തിയ ദുരന്തമാണിതെന്നും സി.പി.എം ജില്ല സെക്രട്ടറി എം.വി ബാലകൃഷ്ണൻ പറഞ്ഞു.
സൗകര്യമില്ലാത്ത സ്ഥലത്താണ് വെടിക്കെട്ട് നടത്തിയത്. തികഞ്ഞ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ മറ്റു സ്ഥലങ്ങളിലും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. അതിനാവശ്യമായ നടപടി സർക്കാർ സ്വീകരിച്ചുകഴിഞ്ഞുവെന്നും എം.വി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചാണ് വൻ സ്ഫോടനം നടന്നത്. തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്.
അപകടത്തിൽ ഏകദേശം 150 ലേറെ പേർക്ക് പരിക്കേറ്റതായാണ് വിവരം. എട്ടു പേരുടെ നില ഗുരുതരമാണ്. നിലവിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.