നിറ്റാ ജലാറ്റിന്‍ കമ്പനി ​ഗ്ലോബല്‍ സിഇഒ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

news image
Aug 4, 2023, 7:46 am GMT+0000 payyolionline.in

കൊച്ചി: ജപ്പാനിലെ ഒസാക്ക ആസ്ഥാനമായ നിറ്റാ ജലാറ്റിൻ ഗ്രൂപ്പിന്റെ ഗ്ലോബൽ സിഇഒ കോയിച്ചി ഒഗാത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇന്ത്യയിലെ കമ്പനിയുടെ മാനേജിങ്‌ ഡയറക്ടർ സജീവ് കെ മേനോൻ, ഡയറക്ടർ ഡോ. ഷിന്യ താകഹാഷി, നിറ്റാ ജലാറ്റിൻ ഇന്ത്യ ചെയർമാൻകൂടിയായ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും പങ്കെടുത്തു.

 

നൂറുവർഷം പൂർത്തിയാക്കിയ നിറ്റാ ജലാറ്റിൻ ഗ്രൂപ്പിനെ അഭിനന്ദിച്ച മുഖ്യമന്ത്രി, സർക്കാരിന്റെ പൂർണപിന്തുണ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിയുടെ  ജപ്പാൻ സന്ദർശനവേളയിൽ കേരളത്തിന് വാഗ്ദാനം ചെയ്ത പദ്ധതിക്ക് അംഗീകാരം നൽകുന്നത് ഡയറക്ടർബോർഡ് ഉടൻ പരിഗണിക്കുമെന്ന്‌ കോയിച്ചി ഒഗാത മുഖ്യമന്ത്രിയെ അറിയിച്ചു. കേരളത്തിൽ നിർമിക്കുന്ന കമ്പനിയുടെ ഉൽപ്പന്നങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിജയകരമായ സംരംഭം എന്ന നിലയ്ക്ക് നിറ്റാ ജലാറ്റിൻ ഈ രംഗത്തെ മികച്ച മാതൃകയാണെന്ന് മുഹമ്മദ് ഹനീഷ് പറഞ്ഞു. കമ്പനി അധികൃതർ വ്യവസായമന്ത്രി പി രാജീവ്, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരുമായും കൂടിക്കാഴ്ച നടത്തി. മരുന്നുനിർമാണ വ്യവസായത്തിന് അനിവാര്യമായ ഘടകങ്ങളുടെ ഇന്ത്യയിലെ പ്രധാന നിർമാതാക്കളാണ് നിറ്റാ ജലാറ്റിൻ ഇന്ത്യ. കെഎസ്‌ഐഡിസിയുടെ പങ്കാളിത്തത്തോടെയുള്ള കമ്പനിക്ക് സംസ്ഥാനത്ത് കൊരട്ടിയിലും കാക്കനാടും അരൂരും ഫാക്ടറിയുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe