ന്യൂഡൽഹി: നിയമ വിദ്യാര്‍ഥികളുടെ സിലബസില്‍ മനുസ്മൃതി ഉൾപ്പെടുത്താൻ ഡല്‍ഹി സര്‍വകലാശാലയുടെ നീക്കം. ഒന്നാം സെമസ്റ്ററിലെ ജൂറിസ്പ്രൂഡന്‍സ് (ലീഗല്‍ മെത്തേഡ്) എന്ന പേപ്പറിന്റെ ഭാഗമായാണ് മനുസ്മൃതി പഠിപ്പിക്കാനാണ് ഡൽഹി യൂനിവേഴ്സിറ്റി നീക്കം നടത്തുന്നത്. ഗംഗ നാഥ് ഝാ എഴുതി മേധാതിഥിയുടെ വ്യാഖ്യാനത്തോടു കൂടിയ മനുസ്മൃതി എന്ന പുസ്തകം ആണ് സിലബസില്‍ ഉള്‍പ്പെടുത്തണം എന്ന ശിപാര്‍ശ അക്കാദമിക് കൗണ്‍സില്‍ പരിഗണിക്കുന്നത്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം എന്നാണ് സർവകലാശാല അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച ചേരുന്ന സര്‍വകലാശാല അക്കാദമിക്ക് കൗണ്‍സില്‍ യോഗം മനുസ്മൃതി സിലബസില്‍ ഉള്‍കൊള്ളിക്കുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും.
അനുമതി ലഭിച്ചാല്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന പുതിയ അക്കാദമിക് സെഷനില്‍ മനുസ്മൃതി പാഠ്യ വിഷയമാകും. അതേസമയം വിദ്യാഭ്യാസ സമ്പ്രദായെത്തെ പിന്നാക്കം കൊണ്ടുപോകുന്ന നടപടിയാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. സ്ത്രീകളുടെ വിദ്യാഭ്യാസത്തെയും സ്വാതന്ത്ര്യത്തെയും എതിർക്കുന്ന മനുസ്മൃതി പാഠ്യഭാഗമാക്കുന്നത് പ്രതിഷേധാർഹമാണെന്നാണ് ചൂണ്ടിക്കാട്ടി സോഷ്യൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ട് ഡി.യു വൈസ് ചാൻസലർക്ക് കത്തയച്ചിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം സ്ത്രീകളാണെന്നും മനുസ്മൃതിയിലെ ആശയങ്ങൾ പിന്തിരിപ്പനാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
മനുസ്മൃതിയുടെ ഏതെങ്കിലും ഭാഗമോ ഭാഗമോ പാഠ്യഭാഗങ്ങൾ ഭരണഘടനയുടെ അടിസ്ഥാന ഘടനക്കും ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്കും എതിരാണെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതോടൊപ്പം, ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഫാക്കൽറ്റി ലക്ഷ്യമിടുന്നുണ്ട്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), ഭാരതീയ നഗ്രിക് സുരക്ഷാ സൻഹിത (ബി.എൻ.എസ്.എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബി.എസ്.എ) എന്നിവ ഇന്ത്യൻ ശിക്ഷാ നിയമത്തിനു പകരമാകും.