തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പതിമൂന്നാമതു സമ്മേളനം ജനുവരി 17 മുതൽ മാർച്ച് 28 വരെ. ആകെ 27 ദിവസമാണ് നിയമസഭ ചേരുന്നത്. ജനുവരി 17 ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന ഈ സമ്മേളനത്തിൽ 2025 – 26 സാമ്പത്തിക വർഷത്തെ ബജറ്റ് സഭയിൽ അവതരിപ്പിക്കുകയും ചർച്ച ചെയ്തു പാസാക്കുുകയും ചെയ്യും.
ജനുവരി 20, 21, 22 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടത്തും. ഫെബ്രുവരി ഏഴിന് 2025 – 26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരണവും ഫെബ്രുവരി 10, 11, 12 തീയതികളിൽ ബജറ്റിന്മേലുള്ള പൊതു ചർച്ചയും നടക്കും. ഫെബ്രുവരി 13 ന് 2024 -25 സാമ്പത്തിക വർഷത്തെ അവസാന ബാച്ച് ഉപധനാഭ്യഥനകൾ പരിഗണിക്കും.
തുടർന്ന് ഫെബ്രുവരി 14 മുതൽ മാർച്ച് രണ്ട് വരെ സഭ ചേരുന്നതല്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. മാർച്ച് നാല് മുതൽ 26 വരെയുള്ള കാലയളവിൽ 13 ദിവസം 2025-26 വർഷത്തെ ധനാഭ്യർഥനകൾ സഭ വിശദമായി ചർച്ച ചെയ്തു പാസാക്കുന്നതാണ്.
2024-25 വർഷത്തെ അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിക്കുന്നതും 2025-26 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതുമായ രണ്ടു ധനവിനിയോഗ ബില്ലുകൾ ഈ സമ്മേളനത്തിൽ പാസാക്കണം. ഗവണ്മെന്റ് കാര്യങ്ങൾക്കായി നീക്കി വച്ചിട്ടുള്ള ദിവസങ്ങളിലെ ബിസിനസ് ക്രമീകരിക്കുന്നത് സംബന്ധിച്ച് കാര്യോപദേശക സമിതി ചേർന്ന് പിന്നീട് തീരുമാനിക്കുന്നതാണ്. 2025മാർച്ച് 28-ന് സഭ പിരിയും.