നിയമസഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതുഅവധി

news image
Mar 22, 2026, 12:18 pm GMT+0000 payyolionline.in

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ഒൻപതിന് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നൽകണമെന്ന് പൊതുഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന ജീവനക്കാർക്കും വോട്ട് ചെയ്യാൻ പോകുന്നതിന് ശമ്പളത്തോട് കൂടിയുള്ള അവധി ഉണ്ടായിരിക്കും. താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കും ശമ്പളത്തോട് കൂടിയുള്ള അവധി അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരളത്തിൽ ഏപ്രിൽ ഒൻപതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ അവരുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മാർച്ച് 23 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം. പ്രമുഖ നേതാക്കന്മാരെല്ലാവരും തന്നെ നാമനിർദേശ പത്രിക സമർപ്പിച്ചു കഴിഞ്ഞു. മാർച്ച് 24 ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാർച്ച് പതിനഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറ് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർത്ഥികൾക്ക് ലഭിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണൽ നടക്കുന്നത്.

കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ ഒൻപതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രിൽ 23നും രണ്ടാംഘട്ടം ഏപ്രിൽ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണൽ നടക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe