നിയമസഭാ കയ്യാങ്കളി: ശിവൻകുട്ടിയും ഇ.പിയും ജലീലും കോടതിയിൽ ഹാജരായി

news image
Oct 16, 2023, 9:12 am GMT+0000 payyolionline.in

തിരുവനന്തപുരം∙ നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി.ശിവൻകുട്ടിയും എൽഡിഎഫ് കണ്‍വീനർ ഇ.പി.ജയരാജനും എംഎൽഎ കെ.ടി.ജലീലും കോടതിയിൽ ഹാജരായി. കേസിന്റെ വിചാരണ തീയതി ഡിസംബർ ഒന്നിന് തീരുമാനിക്കും. പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ടിലെ ചില രേഖകൾ ലഭിച്ചിട്ടില്ലെന്നു പ്രതിഭാഗം ചൂണ്ടിക്കാട്ടി. രേഖകൾ നൽകാൻ കോടതി നിർദേശം നൽകി. നിയമസഭയിൽ യുഡിഎഫ് എംഎൽഎമാർ വലിയ അതിക്രമം കാണിച്ചതായി ഇ.പി.ജയരാജൻ കോടതിക്കു പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകളെ ഉൾപ്പടെ കയ്യേറ്റം ചെയ്തു. അതിനെ പൂർണമായി നിരാകരിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ ഏകപക്ഷീയമായി കേസെടുത്തത്. തെറ്റ് ചെയ്തില്ലെന്നു കോടതിയെ ബോധിപ്പിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

നിയമസഭയിൽ നടന്ന കയ്യാങ്കളിക്കിടെ ഇടതു വനിതാ എംഎൽഎമാരെ ആക്രമിച്ച സംഭവത്തിൽ പ്രത്യേക എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തീരുമാനിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായിരുന്ന എം.എ.വാഹിദ്, കെ.ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണ് നീക്കം. വിചാരണ ഒഴിവാക്കാൻ പ്രതികൾ സുപ്രീം കോടതി വരെ പോയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചത്. നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തുടരന്വേഷണം നടത്തിയെങ്കിലും പുതിയ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ പഴയ കുറ്റപത്രം പ്രകാരമായിരിക്കും വിചാരണ. അക്രമം നടന്ന സമയത്ത് അന്നത്തെ ഭരണപക്ഷമായ കോൺഗ്രസ് എംഎൽഎമാർ, എൽഡിഎഫ് വനിതാ എംഎൽഎമാരെ ആക്രമിച്ചതായി സാക്ഷി മൊഴികളിൽ നിന്നും വ്യക്തമായതായാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. വനിതാ സാമാജികർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് സാമാജികർ പ്രകോപിതരായെന്നും ഇതേ തുടർന്നാണ് അക്രമം ഉണ്ടായതെന്നും റിപ്പോർട്ടിലുണ്ട്.

2015 മാര്‍ച്ച് 13നാണ് ബാര്‍ കോഴക്കേസിലെ പ്രതിയായ ധനകാര്യമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്  പ്രഖ്യാപിച്ച് ഇടത് എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിച്ചത്. 2,20,093 രൂപയുടെ നാശനഷ്ടം സഭയിൽ ഉണ്ടായതായാണ് പൊലീസ് കേസ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പുറമെ, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍ എംഎല്‍എ, മുന്‍ എം എല്‍എ മാരായ കെ. അജിത്, കുഞ്ഞ്അഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe