നിയമസഭയിലെ സംഘർഷം; സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന്, സഭ ഇന്നും പ്രക്ഷുബ്ധമായേക്കും

news image
Mar 16, 2023, 4:16 am GMT+0000 payyolionline.in

തിരുവനന്തപുരം: നിയമസഭയിൽ ഇന്നലെയുണ്ടായ അസാധാരണ സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷിനേതാക്കളുടെ യോഗം ഇന്ന് രാവിലെ എട്ടിന് നടക്കും. മർദിച്ച വാച്ച് ആൻറ് വാർഡുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ എംഎൽഎമാർ മർദിച്ചെന്നാണ് വനിതാ വാച്ച് ആൻറ് വാർഡുകളുടെ പരാതി. പരാതികളിൽ സ്പീക്കർ എടുക്കുന്ന നടപടിയാണ് പ്രധാനം.

നടപടി ഉണ്ടായില്ലെങ്കിൽ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനിടയില്ല. ചോദ്യോത്തരവേള മുതൽ പ്രശ്നം വീണ്ടും സംഘർഷത്തിലേക്ക് നീങ്ങും. പ്രതിപക്ഷ നേതാവ് മന്ത്രി റിയാസിനെതിരെ നടത്തിയ മരുമകൻ -മാനേജ്മെൻറ് ക്വാട്ട പരാമർശത്തിലും റിയാസിൻറെ വാഴപ്പിണ്ടി പ്രയോഗത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഇന്ന് ഏറ്റുമുട്ടാൻ സാധ്യതയുണ്ട്

അടിയന്തിരപ്രമേയ നോട്ടീസ് തുടർച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് ഇന്നലെ പ്രതിഷേധം സംഘർഷത്തിലേക്ക് മാറിയത്. പ്രതിപക്ഷവും വാച്ച് ആൻറ് വാ‍ർഡും തമ്മിൽ സംഘർഷമുണ്ടായി. ഭരണപക്ഷ എംഎൽഎമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘർഷത്തിൽ കെ കെ.രമ, സനീഷ് കുമാർ ജോസഫ് എന്നീ എംഎൽഎമാർക്കും വനിതകളടക്കം 8 വാച്ച് ആൻറ് വാർഡിനും പരിക്കേറ്റു.

ഇതുവരെ കാണാത്ത പ്രതിഷേധങ്ങൾക്കും സംഘർഷത്തിനുമാണ് കേരള നിയമസഭാ ഇന്നലെ രാവിലെ സാക്ഷ്യം വഹിച്ചത്. നിയമസഭാ മന്ദിരത്തിലെ സ്പീക്കറുടെ ഓഫീസ് പരിസരത്തായിരുന്നു പോര്. പോത്തൻകോട് പെൺകുട്ടിക്ക് നേരെയുണ്ടായ അക്രമം മുൻനിർത്തിയുള്ള സ്ത്രീസുരക്ഷയിലെ അടിയന്തിര പ്രമേയ നോട്ടീസിനാണ് സ്പീക്കർ അവതരണാനുമതി നിഷേധിച്ചത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe