തിരുവനന്തപുരം∙ ആരോഗ്യ വകുപ്പിനെ മറയാക്കിയുള്ള നിയമന തട്ടിപ്പ് കേസിൽ ഹരിദാസനെ സാക്ഷിയാക്കാമെന്നു നിയമോപദേശം. ഹരിദാസനിൽനിന്നു മറ്റ് പ്രതികൾ പണം തട്ടിയെടുത്തതിനാൽ പ്രതിയാക്കേണ്ടതില്ല. മന്ത്രിയുടെ പിഎയ്ക്ക് പണം നൽകിയെന്ന വ്യാജ ആരോപണം ഉന്നയിച്ചതിനാൽ ഹരിദാസനെതിരെ പിന്നീട് പ്രത്യേക കേസെടുക്കാമെന്നും നിയമോപദേശം ലഭിച്ചു.
ചോദ്യംചെയ്യൽ പൂർത്തിയായശേഷം പൊലീസ് അന്തിമ തീരുമാനമെടുക്കും. കേസിലെ ഒന്നാം പ്രതിയായ അഖിൽ സജീവിനെയും മറ്റൊരു പ്രതിയായ ബാസിത്തിനെയും കന്റോൺമെന്റ് പൊലീസ് ഇന്നു ചോദ്യം ചെയ്യും. സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിലായ അഖിൽ സജീവിനെ ഇന്നു കസ്റ്റഡിയിൽ വാങ്ങി പത്തനംതിട്ടയിൽനിന്നു തലസ്ഥാനത്തെത്തിക്കും. ബാസിത്ത് പൊലീസ് കസ്റ്റഡിയിലാണ്.
കേസിലെ രണ്ടാം പ്രതി ലെനിൻ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കേണ്ട കോടതി അവധിയായതിനാലാണ് അപേക്ഷ പരിഗണിക്കുന്നതു മാറ്റിയത്. മറ്റൊരു പ്രതിയായ റയീസിന്റെ ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (മൂന്ന്) ഇന്നു വിധി പറയും.
ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫിന് നിയമനത്തിനായി പണം നൽകിയെന്ന ഹരിദാസന്റെ വെളിപ്പെടുത്തലാണ് വിവാദമായത്. പഴ്സനൽ സ്റ്റാഫിനു പണം നൽകിയില്ലെന്നു പിന്നീട് ഹരിദാസൻ മൊഴി നൽകി. കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നുണ്ട്.