കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിപ ബാധിതരുമായി സമ്പർക്കമുണ്ടായ 51 പേരുടെ പരിശോധന ഫലം ഇന്ന് രാത്രിയോടെ ലഭിക്കും. രോഗം ബാധിച്ച് വെന്റിലേറ്ററിൽ കഴിയുന്ന ഒമ്പതുവയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രോഗബാധിതരായ 24കാരന്റെയും ആരോഗ്യപ്രവർത്തകന്റെയും രോഗലക്ഷണം കുറഞ്ഞുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
വൈറസ് വ്യാപനത്തിന് രണ്ടാംതരംഗമില്ല. ആദ്യം രോഗം ബാധിച്ച് മരിച്ചയാളിൽ നിന്നാണ് രണ്ടാമത് മരിച്ചയാളിലേക്ക് വൈറസ് പടർന്നത്. നിലവിലെ സാഹചര്യത്തിൽ വ്യാപനം നിയന്ത്രണവിധേയമാണെന്നാണ് സൂചനയെന്ന് മന്ത്രി പറഞ്ഞു. നിലവിൽ നാലുപേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. നേരത്തെ രോഗം ബാധിച്ച് മരിച്ചയാളുടെ ഒമ്പതുവയസുകാരനായ മകൻ, മരിച്ചയാളുടെ ഭാര്യാസഹോദരൻ, സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ, കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയായ 39കാരൻ എന്നിവരാണ് ഇവർ.
ഇന്ന് അഞ്ച് പേരെ കൂടി രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി ബന്ധമുള്ളവരാണിവർ. ഇന്നലെ രോഗം സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യപ്രവർത്തകയും ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.
രോഗബാധിതരുമായി സമ്പർക്കത്തിലുണ്ടായിരുന്ന 1192 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 97 പേരെ ഇന്ന് സമ്പർക്കപ്പട്ടികയിലുൾപ്പെടുത്തി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിപ രോഗിയുമായി വിഡിയോ കാൾ നടത്തിയെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും മന്ത്രി പറഞ്ഞു.