കുറ്റ്യാടി∙ ഏതു പാതിരാത്രിയിലും ഗതാഗതത്തിരക്കേറിയ കുറ്റ്യാടി അങ്ങാടി ഇന്നലെ ആളൊഴിഞ്ഞുകിടക്കുകയായിരുന്നു. ടൗണിൽനിന്നുള്ള ഒരു റോഡ് വയനാട്ടിലേക്കാണ് നീളുന്നത്. മറ്റൊരു റോഡ് കണ്ണൂർ ജില്ലയിലേക്ക് പോവാനുള്ള എളുപ്പവഴിയാണ്. പ്രധാനവഴി കോഴിക്കോട് നഗരത്തിലേക്കുള്ളതാണ്. എല്ലാ സമയത്തും ഇതുവഴി വാഹനങ്ങളുടെ കുത്തൊഴുക്കായിരുന്നുവെങ്കിൽ ഇന്നലെ റോഡുകളിൽ വാഹനങ്ങൾ കാണാനേയില്ല. കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റിയതോടെ ഇങ്ങോട്ടുള്ള പ്രവേശനവഴികളിൽ പൊലീസ് കർശനനിയന്ത്രണം നടപ്പാക്കി.
കുറ്റ്യാടി നഗരത്തിലെ രണ്ടു ബസ് സ്റ്റാൻഡുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. കുറ്റ്യാടി–വടകര റോഡിലുള്ള ആരോഗ്യകേന്ദ്രം ആളനക്കമില്ലാതെ കിടക്കുകയാണ്. സാധാരണ ദിവസങ്ങളിൽപ്പോലും ഇവിടെ ഒപിയിൽ ആയിരത്തിലധികം ആളുകൾ എത്തുന്നതാണ്. ഒപിയിലെത്തുന്നവർ രണ്ടു വരിയായി നിന്നാൽപ്പോലും റോഡുവരെ എത്താറുണ്ടത്രേ. എന്നാൽ ഇന്നലെ ഇരുപതോളം പേർ മാത്രമാണ് ഒപിയിൽ എത്തിയത്.