കോഴിക്കോട്: നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ അയാൾ പോയ സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മറ്റു ജില്ലകളിൽ ഉള്ള സമ്പർക്ക പട്ടികയിൽ ആളുകളുടെ സാമ്പിൾ പരിശോധന ഉടൻ പൂർത്തിയാക്കും. മോണോ ക്ലോണൽ ആന്റിബോഡി ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് കേന്ദ്രവുമായി ചർച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പോസിറ്റീവ് ആയ രണ്ട് പേർക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. അതുപോലെ ഇപ്പോൾ ചികിത്സയിലിരിക്കുന്ന രോഗികൾക്ക് ആന്റിബോഡി കൊടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചികിത്സിക്കുന ഡോക്ടർമാർ പറയുന്നത്. ആന്റിബോഡി മറ്റു രാജ്യങ്ങളിൽ നിന്നും എത്തിക്കാൻ ഉള്ള നടപടി വേഗത്തിലാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.