‘നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് കട്ടിലിൽ വച്ചിട്ടുണ്ട്, ഞാൻ പോകുന്നു’: അമൽജ്യോതി ഹോസ്റ്റലിൽ ജീവനൊടുക്കിയ ശ്രദ്ധയുടെ അവസാന കുറിപ്പ്

news image
Jun 8, 2023, 6:38 am GMT+0000 payyolionline.in

കോട്ടയം∙ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ ജീവനൊടുക്കിയ ശ്രദ്ധ സതീഷ് സഹപാഠിക്ക് അയച്ച കത്ത് ആത്മഹത്യ കുറിപ്പായി പരിഗണിച്ചേക്കുമെന്ന് പൊലീസ്. മുറിയുടെ മഹസർ എഴുതാൻ എത്തിയപ്പോൾ ലഭിച്ച കത്താണിത്. ‘നിന്നോടു വാങ്ങിയ ബ്ലാക് പാന്റ് ഞാൻ കട്ടിലിൽ വച്ചിട്ടുണ്ട്. ഞാൻ പോകുന്നു’ എന്നാണ് കത്തിൽ ഉണ്ടായിരുന്നത്. മറ്റു കാരണങ്ങളൊന്നും കുറിപ്പിൽ എഴുതിയിട്ടില്ലെന്നും സംശയമുള്ളവരെ ചോദ്യം ചെയ്യുമെന്നും കോട്ടയം എസ്പി അറിയിച്ചു.

 

 

കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണു ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോളജിൽ കടുത്ത വിദ്യാർഥി പ്രതിഷേധം അരങ്ങേറി. തുടർന്ന് കോളജിലെത്തിയ മന്ത്രിമാരായാ വി.എൻ.വാസവൻ, ആർ.ബിന്ദു എന്നിവരുടെ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയാറായത്. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എം.വർഗീസ് സംഭവം അന്വേഷിക്കുമെന്ന് മന്ത്രിമാർ അറിയിച്ചു.
ശ്രദ്ധയുടെ മരണത്തിനു കാരണക്കാരെന്നു വിദ്യാർഥികൾ ആരോപിക്കുന്നവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ കഴിയില്ലെന്നും അന്വേഷണം നടത്തി കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും മന്ത്രിമാർ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം കോളജ് മാനേജ്മെന്റ് അംഗീകരിക്കുകയും ചെയ്തു. അതേസമയം,ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നു ശ്രദ്ധയുടെ പിതാവ് പി.പി.സതീഷ് പറ‍ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe