നിതീഷും ടിഡിപിയും എത്തിയാൽ 28 സീറ്റുകൾ മറിയും; ഭൂരിപക്ഷം ഉറപ്പിച്ച് ഭരണം പിടിക്കാൻ ഇന്ത്യ സഖ്യം

news image
Jun 5, 2024, 4:37 am GMT+0000 payyolionline.in

ന്യൂഡൽഹി: സർക്കാർ രൂപീകരണത്തിനുള്ള സാധ്യതകൾ ആരായാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും തെലുങ്ക് ദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവുമായും കോൺഗ്രസ് നേതാക്കൾ ഇന്ന് സംസാരിച്ചേക്കും. സുസ്ഥിരമായ ഒരു സർക്കാർ രൂപീകരിക്കാൻ എല്ലാ കക്ഷികളുമായും സംസാരിക്കുമെന്ന് കോൺഗ്രസ് നേതാവ് സൽമാൽ ഖുർ‌ഷിദ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. എൻഡിഎയുടെയും ഇന്ത്യ സഖ്യത്തിന്റെയും സീറ്റുകൾ തമ്മിൽ വലിയ അന്തരമില്ലാത്തതാണ് കോൺഗ്രസ് നേതാക്കളുടെ പ്രതീക്ഷ.

നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡും ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിയും ചേർന്നാൽ 28 സീറ്റുകൾ ലഭിക്കും. എന്നാൽ ഇന്ത്യ സഖ്യത്തിന്റെ സീറ്റുകളുടെ എണ്ണം 234ൽ നിന്നും 262 ആയി ഉയരും. ഇതോടെ ബിജെപിയ്ക്ക് സർക്കാർ രൂപീകരിക്കാൻ കഴിയാതെ വരും.

സ്വതന്ത്രർ കൂടെ സഹായിച്ചാൽ തങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നു. ഇതും മറ്റ് അനുബന്ധ വിഷയങ്ങളും ഇന്ന് നടക്കുന്ന ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ചർച്ചയാകും.

കഴിഞ്ഞ 10 വർഷത്തിനിടെ 5 തവണയാണ് നിതീഷ് കുമാർ കൂടുമാറ്റം നടത്തിയത്. എൻഡിഎയുടെ ഭാഗമായി തുടങ്ങിയ നായിഡു, 2019ലെ തിരഞ്ഞെടുപ്പിന് മുൻപ് സഖ്യത്തിൽ നിന്നും പുറത്തുപോയി. നിലവിലെ തിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും എൻഡിഎയിലേക്ക് ചേക്കേറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എതിരെയാണ് ജനവിധിയെന്നും സമാന ചിന്താഗതിക്കാരായ പാർട്ടികളും നിതീഷ് കുമാറും ടിഡിപിയും ചേർന്ന് സർക്കാർ രൂപീകരിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു.

400 സീറ്റെന്ന് അവകാശപ്പെട്ട് പ്രചരണം നടത്തിയതിനൊടുവിൽ‌ ബിജെപിയുടെയും എൻഡിഎയുടെയും സീറ്റുകൾ ഇടിഞ്ഞതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നരേന്ദ്ര മോദി പ്രധാനമന്ത്രി കസേര ഏറ്റെടുക്കരുതെന്നാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ഉൾപ്പെടെയുള്ളവരുടെ ആവശ്യം.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe