കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിനു പിന്നാലെ തിരക്കുകളിൽനിന്ന് അൽപം ഒഴിഞ്ഞ് സ്ഥാനാർഥികൾ. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ സിനിമ കാണാനും സമയം കണ്ടെത്തി. പാലായിലെ തിയറ്ററിലെത്തി, രജനീകാന്ത് ചിത്രം ‘ജയിലർ’ ആണ് ചാണ്ടി ഉമ്മനും ഒപ്പമുള്ള കോൺഗ്രസ് പ്രവർത്തകരും ചേർന്നു കണ്ടത്.
‘‘ഇതു നല്ല സിനിമയാണെന്ന് കേട്ടു. ഇന്നു ലാസ്റ്റ് ഷോ ആണെന്ന് അറിഞ്ഞു. അതുകൊണ്ട് കണ്ടിട്ട് പോകാമെന്നു വിചാരിച്ചു. ഇത്രയും നാൾ ഈ സിനിമ കാണണമെന്നുണ്ടായിരുന്നു. എന്നാൽ തിരക്കു കാരണം കാണാൻ പറ്റിയില്ല. ഭാഷ പഠിക്കാൻ ഇഷ്ടമുള്ളതിനാൽ തമിഴ് – തെലുങ്ക് സിനിമകളാണ് കൂടുതൽ കാണാറുള്ളത്. സിനിമ കാണുന്നത് ഭാഷ കൂടി പഠിക്കാനുള്ള അവസരമാണ്’’– ചാണ്ടി ഉമ്മൻ പറഞ്ഞു.