നാലാംവട്ട ചർച്ചയിലും പരിഹാരമില്ല ; കർഷകരുടെ ആവശ്യം അംഗീകരിക്കാതെ  കേന്ദ്രം

news image
Feb 19, 2024, 4:48 am GMT+0000 payyolionline.in
ന്യൂഡൽഹി: വിളകൾക്ക്‌ നിയമാനുസൃത താങ്ങുവില ആവശ്യപ്പെട്ട്‌ ഡൽഹിയിലേക്ക്‌ മാർച്ചു ചെയ്‌ത പഞ്ചാബിൽനിന്നുള്ള കർഷകരുമായി കേന്ദ്ര സർക്കാർ ഞായറാഴ്ച നടത്തിയ നാലാംവട്ട ചർച്ചയിലും പരിഹാരമായില്ല. കർഷക സംഘടന നേതാക്കളും പഞ്ചാബ്‌ മുഖ്യമന്ത്രി ഭാഗവന്ത്‌ മന്നും, കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, അർജുൻ മുണ്ട, നിത്യാനന്ദ് റായ് എന്നിവരും ഞായർ രാത്രി വെെകി നടന്ന ചർച്ചയിൽ പങ്കെടുത്തു. സർക്കാരിന് മുന്നിൽ കർഷകർ വച്ച ഒരാവശ്യവും സർക്കാർ അംഗീകരിച്ചില്ല. അതേസമയം, ചില നിർദേശങ്ങൾ സർക്കാർ കർഷകർക്ക് മുന്നിൽ വച്ചെന്നും അവർ അടുത്തദിവസം മറുപടി നൽകാമെന്ന് അറിയിച്ചെന്നും കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ ചർച്ചയ്ക്ക് ശേഷം അറിയിച്ചു.

കർഷകനേതാക്കളാരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. സമരത്തെ അതിർത്തിയിൽ തടഞ്ഞ ഹരിയാനയിലെ ബിജെപി സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കർഷകർ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഡൽഹി അതിർത്തിയിലേക്ക്‌ മാർച്ചുചെയ്യാനാണ് തീരുമാനം. ഹരിയാനയിലെ കുരുക്ഷേത്രയിൽ ബികെയു (ചരുണി) വിഭാഗം വിളിച്ചുചേർത്ത കർഷക മഹാപഞ്ചായത്ത്‌ കേന്ദ്ര സർക്കാരിനെതിരെ പ്രമേയവും പാസാക്കി. ഖാപ്‌ പഞ്ചായത്ത്‌ പ്രതിധിധികളും പങ്കെടുത്തു. ഇതോടെ ഹരിയാന, പഞ്ചാബ്‌ സംസ്ഥാനങ്ങളിലെ വിവിധ ജില്ലകളിൽ ഇന്റർനെറ്റ്‌ നിരോധനം നീട്ടിയിരുന്നു.

 

പഞ്ചാബ്‌ മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ക്യാപ്‌റ്റൻ അമരീന്ദർ സിങ്‌, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ സുനിൽ ഝക്കർ, കേവാൽ ധില്ലൻ എന്നിവരുടെ വീടുകൾക്കു മുന്നിൽ ബികെയു (ഉഗ്രഹാൻ) വിഭാഗം ഞായറാഴ്‌ച സമരവും തുടങ്ങി. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതുവരെ ചർച്ച നീട്ടിയശേഷം കൈയൊഴിയാനുള്ള നീക്കം അനുവദിക്കില്ലെന്ന്‌ കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe