നാദാപുരം: ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആരോഗ്യ നിയമങ്ങൾ ലംഘിച്ച രണ്ട് സ്ഥാപനങ്ങൾക്ക് പിഴചുമത്തി.
വൃത്തിഹീനമായും ദുർഗന്ധം പരത്തുന്ന അവസ്ഥയിൽ പ്രവർത്തിക്കുകയും വൃത്തിഹീനമായ സാഹചര്യത്തിൽ കശാപ്പു ചെയ്യുന്നതും കണ്ടെത്തിയ കുമ്മങ്കോട്ടെ ബിസ്മില്ല ബീഫ് സ്റ്റാൾ അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽനിന്നും പിഴയീടാക്കി. പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ.എച്ച്.ഐ കെ. ബാബു, സി. പ്രസാദ്, വി.പി. റീന, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവർ പങ്കെടുത്തു. പൊതുജനാരോഗ്യ നിയമം ലംഘിച്ച സ്ഥാപനങ്ങളുടെ പേരിൽ കോടതി നിയമ നടപടികൾ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫിസർ ഡോ. ജെ. നവ്യ അറിയിച്ചു.